അച്ഛന്റെ ആരാധികയെ കാണാൻ ചാണ്ടി ഉമ്മൻ എത്തി; മനസ് നിറഞ്ഞ് നഫീസുമ്മ

Wednesday 25 June 2025 9:52 AM IST

മലപ്പുറം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ കടുത്ത ആരാധികയാണ് എടപ്പാൾ സ്വദേശിനി നഫീസുമ്മ. സാമ്പത്തികമായി വളരെയേറെ കഷ്‌ടപ്പെട്ടിരുന്ന കാലത്ത് പെൻഷൻ അനുവദിച്ച് തന്നു എന്നതാണ് ഉമ്മൻ ചാണ്ടിയോടുള്ള ആരാധനയ്‌ക്ക് കാരണം. ഇപ്പോഴിതാ അച്ഛന്റെ ആരാധികയെ നേരിൽ കാണാൻ മകൻ ചാണ്ടി ഉമ്മൻ എത്തിയിരിക്കുകയാണ്.

ചാണ്ടി ഉമ്മൻ എടപ്പാളിൽ എത്തുന്നു എന്നറിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ കാണണമെന്ന് നഫീസുമ്മയ്‌ക്ക് ആഗ്രഹമുണ്ടായി. വീടിനടുത്തുള്ള ഗ്രാമപഞ്ചായത്ത് മുൻ അംഗം വികെഎ മജീദിനോട് അവർ തന്റെ ആഗ്രഹം പറഞ്ഞു. എടപ്പാളിൽ പൊതുപരിപാടിക്കെത്തിയ ചാണ്ടി ഉമ്മനോട് മജീദ് ഇക്കാര്യം പറഞ്ഞു. തിരക്കുകൾക്കിടയിലും അദ്ദേഹം നഫീസുമ്മയെ കാണാൻ അവരുടെ വീട്ടിലെത്തി. ശാരീരിക അവശതകൾ ഏറെയുള്ള നഫീസുമ്മയുമായും മകൻ ജമാലുമായും ഏറെ നേരം സംസാരിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ എംഎൽഎ മടങ്ങിയത്.