വി എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ട് ആശുപത്രി അധികൃതർ
Wednesday 25 June 2025 1:39 PM IST
തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഉള്ളത്. സ്‌പെഷ്യലിസ്റ്റുകളടങ്ങിയ പ്രത്യേക വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് വി എസിനെ തിരുവനന്തപുരം പട്ടത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങൾ സംയുക്തമായാണ് ചികിത്സിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.