തിരുവനന്തപുരത്തെ ബ്രിട്ടീഷ് യുദ്ധവിമാനം അറ്റകുറ്റപ്പണി നടത്തും, ഉടൻ എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റാൻ തീരുമാനം

Wednesday 25 June 2025 3:52 PM IST

തിരുവനന്തപുരം: അടിയന്തര സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത ബ്രിട്ടീഷ് യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റും. എയർ ഇന്ത്യയുടെ ഹാംഗറിലേക്കാണ് വിമാനം മാറ്റുക. നേരത്തെ വിമാനം എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റാമെന്ന് അറിയിച്ചെങ്കിലും ബ്രിട്ടീഷ് നാവികസേന ഇതിന് വിസമ്മതിച്ചിരുന്നു.

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്ധ സംഘം ദിവസങ്ങൾക്കുള്ളിൽ തിരുവനന്തപുരത്ത് എത്തുമെന്ന് നേരത്തെ സൂചനകൾ ലഭിച്ചിരുന്നു. നിലവിൽ വിമാനത്താവളത്തിലെ തുറസായ സ്ഥലത്താണ് വിമാനമുള്ളത്. സി ഐ എസ് എഫ് കനത്ത സുരക്ഷയാണ് വിമാനത്തിന് ഒരുക്കിയിരിക്കുന്നത്.

വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരുമെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തത്. എത്ര രൂപ നൽകേണ്ടിവരുമെന്ന് സർക്കാരായിരിക്കും തീരുമാനിക്കുകയെന്നാണ് വിവരം. ഇന്തോ പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാന വാഹിനി കപ്പലായ എച്ച് എം എസ് പ്രിൻസ് ഓഫ് വെയ്ൽസിൽ നിന്ന് പറന്നുയർന്ന എഫ് 35 ബി യുദ്ധ വിമാനം ജൂൺ പതിനാലിനാണ് തിരുവനന്തപുരത്ത് ഇറക്കിയത്.

അറബിക്കടലിൽ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് 'പാസെക്സ്' എന്ന പേരിൽ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലിൽ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയർന്നത്. പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിൽ ഇറങ്ങാനായില്ല. ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു.വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടെത്തിയതിനാൽ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ.