മാർക്ക് കുറഞ്ഞപ്പോൾ ക്ലാസ് മാറ്റിയിരുത്തി; 14കാരിയുടെ ആത്മഹത്യയിൽ സ്‌കൂളിനെതിരെ കുടുംബം

Wednesday 25 June 2025 4:42 PM IST

പാലക്കാട്: നാട്ടുകല്ലിൽ 14 വയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ. ഒമ്പതാം ക്ലാസുകാരി ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്‌കൂളിലെ മാനസിക പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർ നന്ദയ്‌ക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു. ശ്രീകൃഷ്‌ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിനെതിരെ ആണ് ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത്.

ഇന്നലെയാണ് തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെ സ്‌കൂളിൽ പ്രതിഷേധം ശക്തമാണ്. സ്‌കൂൾ മാനേജ്‌മെന്റ് വിളിച്ച യോഗത്തിൽ രക്ഷിതാക്കളും പ്രതിഷേധിച്ചു. യോഗത്തിൽ രക്ഷിതാക്കളും സംഘടനാപ്രതിനിധികളും പങ്കെടുത്തിരുന്നു.