കനത്ത  കാറ്റും  മഴയും; കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് മദ്ധ്യവയസ്‌കൻ മരിച്ചു

Wednesday 25 June 2025 4:42 PM IST

തൃശൂർ: കുളിമുറിയുടെ ഭിത്തിയിടിഞ്ഞുവീണ് മദ്ധ്യവയസ്കൻ മരിച്ചു. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം താമസിക്കുന്ന നെടുമ്പള്ളി വീട്ടിൽ അയ്യപ്പന്റെ മകൻ ബെെജു (49) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. വീടിനോട് ചേർന്ന് പുറത്തുള്ള ഓടിട്ട കുളിമുറിയിൽ കുളിക്കാൻ കയറിയതായിരുന്നു ബെെജു. കനത്ത കാറ്റിലും മഴയിലും കുളിമുറിയുടെ ഭിത്തികൾ തകർന്ന് ബെെജുവിന്റെ ദേഹത്ത് വീഴുകയായിരുന്നു.

സംഭവം നടക്കുമ്പോൾ വീട്ടുകാർ ആരും സ്ഥത്തുണ്ടായിരുന്നില്ല. അടുത്ത വീട്ടിൽ ജോലി ചെയ്തിരുന്നവർ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അപകടം നടന്ന വിവരം അറിയുന്നത്. ഉടൻ തന്നെ ഇരിങ്ങാലക്കുട അഗ്നിശമന സേനയെ വിവരം അറിയിച്ചു. അഗ്നിശമന സേന എത്തി ചുമരുകൾ നീക്കി ബെെജുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.