വിമാന സർവീസുകൾ പൂർവ സ്ഥിതിയിലേക്ക്
Wednesday 25 June 2025 8:14 PM IST
നെടുമ്പാശേരി: ഇറാക്ക് - ഇസ്രായേൽ യുദ്ധത്തെ തുടർന്ന് വ്യോമപാതയിലുണ്ടായ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ
കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര വിമാന സർവീസുകളും സാധാരണ നിലയിലേക്ക് നീങ്ങുന്നു. ഇന്നലെ കൊച്ചിയിലേക്കുള്ള ആറും ഇവിടെ നിന്നുള്ള രണ്ടും വിമാന സർവീസുകൾ ഒഴികെ ബാക്കി സർവീസുകളെല്ലാം സാധാരണ പോലെ നടന്നു. കൊച്ചിയിലേക്ക് വരേണ്ട എയർ ഇന്ത്യയുടെ ദുബായ്, ദോഹ, അബുദാബി, ദമാം, ഖത്തർ എയർവേയ്സിന്റെ ദോഹ, എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത് സർവീസുകളാണ് ഒഴിവായത്. ഖത്തർ എയർവേയ്സിന്റെ ദോഹ, എയർ ഇന്ത്യയുടെ ദമാം സർവീസുകളാണ് കൊച്ചിയിൽ നിന്ന് മുടങ്ങിയത്. ഇന്നത്തോടെ വിമാന സർവീസുകൾ പൂർണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.