വാനിലെ കൊലപാതകം; ദമ്പതികൾ റിമാൻഡിൽ
കൊച്ചി: ഇടക്കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പള്ളുരുത്തി തോപ്പിൽ വീട്ടിൽ ഷിഹാബ് (39), ഭാര്യ ഷഹാന (32) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ഇവർക്കായി കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കുമെന്ന് പള്ളുരുത്തി പൊലീസ് അറിയിച്ചു. പള്ളുരുത്തി പെരുമ്പടപ്പ് പാർക്ക് റോഡ് വഴിയകത്ത് വീട്ടിൽ അക്ബറിന്റെ മകൻ ആഷിഖാണ് (30) കൊല്ലപ്പെട്ടത്. മത്സ്യം കൊണ്ടുപോകുന്ന ശീതീകരിച്ച വാനിന്റെ മുൻ സീറ്റിൽ തിങ്കളാഴ്ച രാത്രിയാണ് ചോര വാർന്ന് മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. ഷിഹാബിന്റെ നിർദ്ദേശപ്രകാരം ഷഹാന നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ ആഷിഖ് ഒന്നര മാസം മുമ്പാണ് പുറത്തിറങ്ങിയത്. അതിനുശേഷവും ആഷിഖും ഷഹാനയും തമ്മിൽ സൗഹൃദം തുടർന്നിരുന്നു. ഇതിനിടെ, മറ്റൊരു പെൺകുട്ടിയുമായി ആഷിഖിന്റെ വിവാഹം ഉറപ്പിക്കുകയും ഈ വർഷം വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഇത് അറിഞ്ഞ ഷഹാന ആഷിഖിന്റെ വീട്ടിലെത്തി വിവാഹം മുടക്കുമെന്ന് വെല്ലുവിളിച്ചു. ഷഹാനയുടെ നഗ്‌നചിത്രങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് ആഷിഖും ഭീഷണിപ്പെടുത്തി. ഇതോടെയാണ് ദമ്പതികൾ ആഷിഖിനെ വകവരുത്താൻ തീരുമാനിച്ചത്. ആഷിഖും ഷഹാനയും തിങ്കളാഴ്ച രാത്രി വാനിൽ ഒരുമിച്ചു യാത്ര ചെയ്തു. തുടർന്ന് വാഹനം ഒഴിഞ്ഞ പറമ്പിൽ പാർക്ക് ചെയ്തു. മുൻകൂട്ടി തീരുമാനിച്ച പ്രകാരം ഷിഹാബിനെ വിളിച്ചുവരുത്തി. ഷിഹാബ് ആഷിഖിനെ കത്തികൊണ്ട് കുത്തി കടന്നുകളഞ്ഞു. ചോര വാർന്ന് മരണം ഉറപ്പാക്കിയ ശേഷം ഷഹാന നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടതായി ആഷിഖ് തന്നെ വിളിച്ചറിയിച്ചെന്നും തുടർന്ന് സ്ഥലത്തെത്തിയെന്നുമാണ് ഷഹാന നാട്ടുകാരോട് പറഞ്ഞത്. തുടർന്നുള്ള പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഷിഹാബിനെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു. കുത്താൻ ഉപയോഗിച്ച കത്തി ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ അലമാരയുടെ മുകളിൽനിന്നു കണ്ടെത്തി. പ്രതികൾ ഇത് ഓൺലൈനിൽ വാങ്ങിയതാണെന്നും പൊലീസ് കണ്ടെത്തി. ആഷിഖിന്റെ ഇരു തുടകളിലും കാൽപ്പാദത്തിലും ആഴത്തിൽ മുറിവേറ്റതിനെത്തുടർന്ന് രക്തം നഷ്ടപ്പെട്ടതാണ് മരണകാരണം.