കടയിൽ കയറി യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ
Wednesday 25 June 2025 9:08 PM IST
കൊച്ചി: യുവതിയെയും പിതാവിനെയും കടയിൽ കയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. ഇടുക്കി ദേവികുളം വാളറ ചോലാട്ട് വീട്ടിൽ പ്രീജിനെയാണ് (45) കുന്നത്തുനാട് പൊലീസ് അറസ്റ്റു ചെയ്‌തത്. ചൊവ്വാഴ്ച വൈകുന്നേരം പ്രീജി പട്ടിമറ്റം ജംഗ്ഷനിൽ യുവതി നടത്തുന്ന കടയിൽ അതിക്രമിച്ച് കയറി വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. തടയാൻ ശ്രമിച്ച യുവതിയുടെ പിതാവിനെയും ഇയാൾ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ യുവതിയും പിതാവും ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്ഐമാരായ പി.എം. ജിൻസൺ, പി.എസ്. കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.