കനത്ത മഴ: നാളെ മൂന്ന് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

Wednesday 25 June 2025 9:09 PM IST

തൃശൂർ: കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിൽ കനത്തമഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 26) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.

കനത്ത മഴ പെയ്യുന്ന വയനാട് ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 26) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും,മദ്രസ്സകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് വയനാട്‌ ജില്ലയിലും അവധി ബാധകമല്ലെന്ന് കളക്‌ടർ അറിയിക്കുന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്‌ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.