കെട്ടിടം ചോർന്നൊലിക്കുന്നു ; സ്മാർട്ട് ആകാതെ അലനല്ലൂർ 2 വില്ലേജ് ഓഫീസ്

Thursday 26 June 2025 1:16 AM IST
അലനല്ലൂർ രണ്ട് വില്ലേജ് ഓഫീസ് ഹാളിൽ ചോർന്നൊലിക്കുന്ന മഴവെള്ളം ശേഖരിക്കാൻ പാത്രം വെച്ച നിലയിൽ.

അലനല്ലൂർ: അലനല്ലൂർ 2 വില്ലേജ് ഓഫിസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുമ്പോൾ നിലവിലെ കെട്ടിടം ചോർന്നൊലിക്കുന്നു. സ്മാർട് വില്ലേജ് ഓഫീസ് ഒരുക്കുന്നതിന്റെ ഭാഗമായി മൂന്ന് വർഷം മുമ്പാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. നിർമ്മാണം തുടങ്ങിയതോടെ പഴയ ശുചിമുറി പൊളിച്ചു നീക്കി. ഇതോടെ ജീവനക്കാരും സേവനങ്ങൾക്ക് എത്തുന്നവരും സമീപ വീടുകളിലെ ശുചിമുറിയാണ് ആശ്രയിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ 80 ശതമാനം പ്രവർത്തികളും പൂർത്തിയായിട്ട് രണ്ട് വർഷം കഴിഞ്ഞു. ഇതിനൊപ്പം നിർമ്മാണം തുടങ്ങിയ അലനല്ലൂർ 1 വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം മഴ പെയ്താൽ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. ഇത് കാരണം വെള്ളം വീഴുന്ന ഭാഗങ്ങളിൽ പാത്രം വച്ചിരിക്കുകയാണ്. ആകെയുള്ള ഒരു ഹാളാണു ജീവനക്കാർക്കും, സേവനങ്ങൾക്കായി എത്തുന്നവർക്കും ഉള്ളത്. ഇത് കാരണം സേവനങ്ങൾക്ക് എത്തുന്നവർക്ക് ഇരിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. പുതിയ കെട്ടിടത്തിന്റെ തുടർന്നുള്ള പണികൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിലച്ചതാണ് ജീവനക്കാർക്കും, ഓഫിസിലെത്തുന്ന പൊതുജനങ്ങൾക്കും വിനയായത്. എത്രയും പെട്ടെന്ന് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ഓഫീസിന് ചുറ്റുമതിൽ നിർമ്മിച്ച് സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.