ലിസി ഹോസ്‌പിറ്റലിന് ഡയാലിസിസ് യൂണിറ്റുകളുമായി എസ്.ഐ.ബി
കൊച്ചി: ആതുര സേവനരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള എറണാകുളം ലിസി ഹോസ്‌പിറ്റലിലേക്ക് ഏഴ് ഡയാലിസിസ് യൂണിറ്റുകൾ സൗത്ത് ഇന്ത്യൻ ബാങ്ക്(എസ്.ഐ.ബി) കൈമാറി. സി.എസ്.ആർ ഫണ്ടിൽ നിന്നാണ് തുക വകയിരുത്തിയത്. ആരോഗ്യ മേഖലയിലെ സന്നദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. ഡയാലിസിസ് യൂണിറ്റുകളുടെ സേവനം മിതമായ നിരക്കിൽ മികച്ച രീതിയിൽ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് തുക അനുവദിച്ചത്. കൊച്ചിയിൽ നടന്ന ചടങ്ങ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി ജെ കുര്യൻ ഉദ്‌ഘാടനം ചെയ്തു. സാധാരണ ജനങ്ങൾക്ക് ഏറെ ആശ്രയിക്കാവുന്ന ലിസി ഹോസ്‌പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റുകൾ നൽകുന്നതിൽ സന്തോഷമുണ്ടെന്ന് വി ജെ കുര്യൻ പറഞ്ഞു.പദ്മ ഭൂഷൺ ജേതാവും, ലിസ്സി ഹോസ്പിറ്റൽ കാർഡിയോ തൊറാസിക് സർജറി വിഭാഗം മേധാവിയുമായ ഡോ. ജോസ് ചാക്കോ പേരിയപ്പുറത്തെ ആദരിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ലിസി ഹോസ്പിറ്റലിൽ ദിവസേന 100ൽ അധികം ഡയാലിസിസ് നടത്തുന്നുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആന്റോ ജോർജ് ടി, സീനിയർ ജനറൽ മാനേജറും കോർപ്പറേറ്റ് ബാങ്കിംഗ് ബിസിനസ് ഹെഡുമായ മിനു മൂഞ്ഞേലി തുടങ്ങിയവർ പങ്കെടുത്തു.