സ്വർണ വ്യാപാരികളുടെ സമ്മേളനവും ആഭരണ പ്രദർശനവും 27 മുതൽ

Thursday 26 June 2025 12:59 AM IST

കൊച്ചി: കേരളത്തിലെ സ്വർണം, വെള്ളി, ഡയമണ്ട് വ്യാപാരികളുടെ സംസ്ഥാന സമ്മേളനം 29ന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കും. ഇതോടനുബന്ധിച്ച് 27മുതൽ 'കേരള ജുവലറി ഇന്റർനാഷണൽ ഫെയർ 2025' എന്ന ആഭരണ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ടെന്ന്

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജി.എസ്.ടി, ബി.ഐ.എസ്, ലീഗൽ മെട്രോളജി, പൊലീസ് റിക്കവറി, ബാങ്ക് മെറ്റൽ വായ്പ തുടങ്ങിയ സ്വർണ വ്യാപാരികൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചയും ഉണ്ടാകും.

27 ന് രാവിലെ 10ന് അസോസിയേഷൻ ഭാരവാഹികളും മുന്നൂറോളം സ്വർണ്ണ വ്യാപാരികളും ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്യും.

രണ്ടാം ദിവസത്തെ എക്‌സിബിഷൻ 28ന് രാവിലെ 10.30ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 2.30ന് കേരളം സമ്പൂർണ ഹാൾമാർക്കിംഗ് സംസ്ഥാനമായതിന്റെ പ്രഖ്യാപനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.

29 ന് രാവിലെ 11 മണിക്ക് സംസ്ഥാന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എം.പി, റോജി ജോൺ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരിക്കും. സ്വർണാഭരണ മേഖലയിൽ പ്രവർത്തിക്കുന്ന 5000 പേർ സമ്മേളനത്തിൽ പങ്കെടുക്കും.