വീട്ടുമുറ്റത്തും പ്രദേശത്തും നിറയെ കാൽപ്പാടുകൾ, മുയലുകളെ കൊന്നു, ഞെട്ടലോടെ കുമളി ചെല്ലാർകോവിലുകാർ

Wednesday 25 June 2025 10:03 PM IST

കുമളി :കടുവപ്പേടി മാറിയപ്പോൾ ഇതാ ചെല്ലാർകോവിൽകാരെ ആശങ്കയിലാക്കി പുലിയുടെ സാന്നിദ്ധ്യം. കടുവ കിണറ്റിൽവീണ് ഒടുവിൽ ഉൾക്കാട്ടിൽ എത്തിച്ചതോടെ ആശ്വാസംകൊണ്ട നാട്ടുകാരെയാണ് പുതിയ പ്രശ്നം വലയ്ക്കുന്നത്. ചെല്ലാർകോവിൽ ഭാഗത്ത് വീട്ടുമുറ്റത്ത് സ്ഥാപിച്ചിരുന്ന കൂട് തകർത്തു മുയലുകളെ കൊന്നു. പ്രദേശത്ത് പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കാണപ്പെട്ടതായാണ് വിവരം . വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചെല്ലാർകോവിൽ സ്‌കൂൾ ഭാഗത്ത് ചെമ്പൻകുഴിയിൽ സോമന്റെ വീടിന് പിൻഭാഗത്ത് ഉയരത്തിൽ സ്ഥാപിച്ചിരുന്ന കൂട് തകർത്ത് മുയലുകളെ കൊന്നത്. രണ്ട് മുയലുകളെ ചത്ത നിലയിൽ കണ്ടെത്തി. ഒരെണ്ണം കൂട്ടിനുള്ളിലും ഒന്ന് സമീപത്ത് പുരയിടത്തിലുമാണ് കിടന്നിരുന്നത്. രണ്ട് മുയലുകളെ ജീവി കൊണ്ടുപോയതായാണ് കരുതുന്നത്. കൂടിന് സമീപത്തും വീടിന്റെ മുറ്റത്തുമായി പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. വീട്ടുകാർ അറിയിച്ചതനുസരിച്ച് വണ്ടൻമേട്ടിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പൂച്ചപ്പുലിയാണെന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.


കഴിഞ്ഞ ദിവസങ്ങളിൽ മയിലാടുംപാറ ഭാഗത്ത് വീടുകൾക്ക് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടതായി പ്രദേശവാസികൾ വനംവകുപ്പിനെ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഇവിടെ ക്യാമറകൾ സ്ഥാപിച്ചെങ്കിലും നായ്ക്കളുടെ ചിത്രം മാത്രമാണ് ഇതിൽ നിന്ന് ലഭിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കടുക്കാസിറ്റി മേഖലയിലും ഒരാഴ്ച്ച മുമ്പ് സ്ഥാപിച്ച ക്യാമറകളിലും പുലിയുടെയോ കടുവയുടെയോ ചിത്രങ്ങൾ പതിഞ്ഞിട്ടില്ല. സംശയകരമായ കാൽപ്പാടുകൾ കാണപ്പെടുകയും ജനങ്ങളുടെ പരാതി ലഭിക്കുകയും ചെയ്തിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ രാത്രി കാലങ്ങളിൽ തുടർച്ചയായി പട്രോളിങ് നടത്തി വരുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കന്നുകാലികൾ അടക്കമുള്ള വളർത്തുമൃഗങ്ങൾ ഈ മേഖലയിൽ ധാരാളമായി ഉള്ളതിനാൽ ജനങ്ങളും ആശങ്കയിലാണ്.