അഫ്സൽ ഇനി കല്യാണ ട്രാക്കിലേക്ക്
തിരുവനന്തപുരം : 800 മീറ്ററിലെ ഏറ്റവും വേഗതയേറിയ ഇന്ത്യക്കാരനായ മലയാളി അത്ലറ്റ് പി.മുഹമ്മദ് അഫ്സൽ വിവാഹിതനാകുന്നു.തൃശൂർ പുന്നയൂർ വടക്കേക്കാട് തങ്ങൾ ഭവനിൽ ഫൈസൽ തങ്ങളുടേയും സമീറയുടെയും മകൾ ഫാത്തിമത്ത് നൗറീനാണ് വധു. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. ജൂലായ് 17നാണ് വിവാഹം.
പാലക്കാട് പറളി സ്കൂളിൽ പഠിക്കുമ്പോൾ കായികാദ്ധ്യാപകനായ പി.ജി മനോജിന്റെ കൈപിടിച്ച് ട്രാക്കിലേക്കെത്തിയ അഫ്സൽ ഇപ്പോൾ ഇന്ത്യൻ ദീർഘദൂര ഓട്ടത്തിലെ മിന്നുംതാരമാണ്. സംസ്ഥാന - ദേശീയ സ്കൂൾ മീറ്റുകളിൽ നിരവധി മെഡലുകൾ വാരിക്കൂട്ടുകയും റെക്കാഡുകൾക്ക് ഉടമയാവുകയും ചെയ്ത അഫ്സൽ സീനിയർ തലത്തിലും ആ മികവ് തുടർന്നു. 2023 ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ വെള്ളി നേടിയിരുന്നു. കഴിഞ്ഞ മാസം ദുബായ്യിൽ നടന്ന യു.എ.ഇ ഗ്രാൻപ്രീ അത്ലറ്റിക് മീറ്റിലാണ് അഫ്സൽ 800 മീറ്ററിലെ ജിൻസൺ ജോൺസന്റെ പേരിലുണ്ടായിരുന്ന ദേശീയ റെക്കാഡ് തകർത്തെറിഞ്ഞത്. അതിന് ശേഷം തായ്വാൻ അത്ലറ്റിക്സ് ഓപ്പണിൽ സ്വർണം നേടി.
സെപ്തംബറിൽ ടോക്യോയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനുള്ള പരിശീലനത്തിനിടെയാണ് അഫ്സൽ വിവാഹത്തിലേക്ക് കടക്കുന്നത്. ജൂലായ് ആദ്യവാരം യൂറോപ്പിൽ നടക്കുന്ന മീറ്റുകളിൽ പങ്കെടുക്കാനായി പോകുന്ന അഫ്സൽ വിവാഹത്തിന് മുമ്പ് മടങ്ങിയെത്തും. വിവാഹത്തിന് ശേഷവും വിദേശമീറ്റുകളിൽ പങ്കെടുക്കും.
ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥനായ അഫ്സൽ ബംഗളുരുവിലാണ് പരിശീലിക്കുന്നത്. റിലയൻസ് ഫൗണ്ടേഷനാണ് സ്പോൺസർ ചെയ്യുന്നത്. കോഴിക്കോട്ട് സ്വകാര്യമേഖലയിൽ സൈബർ സുരക്ഷാവിഭാഗത്തിൽ ജോലി നോക്കുകയാണ് ഫാത്തിമത്ത് നൗറീൻ.