അശ്രദ്ധമൂലം പണം നഷ്ടമായാൽ ബാങ്ക് ഉത്തരവാദിയല്ല
കൊല്ലം: ഡെബിറ്റ് കാർഡിന്റെ അവസാന നാല് അക്കങ്ങളും കാർഡിന് പിന്നിലെ മൂന്നക്ക സി.വി.വി നമ്പരും ബാങ്ക് ഓഫീസറെന്ന വ്യാജേന വിളിച്ച അജ്ഞാതന് കൈമാറിയ അക്കൗണ്ട് ഹോൾഡറുടെ പണം നഷ്ടമായതിന് ബാങ്ക് ഉത്തരവാദിയല്ലെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് സൂപ്രണ്ടായി വിരമിച്ച ഉപഭാേക്താവ് എസ്.ബി.ഐ കൊല്ലം മെയിൻ ബ്രാഞ്ചിനെതിരെ ഫയൽ ചെയ്ത ഹർജിയിലാണ് വിധി. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ബാങ്കുകൾ ഫോൺ മുഖേനയോ അല്ലാതെയോ ആവശ്യപ്പെടാറില്ലെന്നും ഈ വിഷയത്തിൽ ആർ.ബി.ഐ പുറപ്പെടുവിക്കുന്ന നിരന്തര മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇടപാടുകാരൻ വിവരങ്ങൾ നൽകിയതെന്ന് കമ്മിഷൻ നിരീക്ഷിച്ചു. തട്ടിപ്പിൽ 94,970 രൂപയാണ് ഇടപാടുകാരന് നഷ്ടമായത്.
കമ്മിഷൻ പ്രസിഡന്റ് കെ.കെ.ശ്രീകല, ജുഡീഷ്യൽ മെമ്പർ സ്റ്റാൻലി ഹാരോൾഡ് എന്നിവരുൾപ്പെട്ട കമ്മിഷനാണ് വിധി പ്രസ്താവിച്ചത്. എസ്.ബി.ഐക്കായി അഭിഭാഷകരായ ഓച്ചിറ ആർ.രാജേഷ്, പാർവതി ആർഷ എന്നിവർ ഹാജരായി.