ഹോക്കി കളിച്ച് ലഹരി വിരുദ്ധ  സന്ദേശമുയർത്തി വിദ്യാർത്ഥികൾ

Thursday 26 June 2025 12:00 AM IST

കൊല്ലം: ഹോക്കി കളിച്ചും ഫ്ളാഷ് മോബ് നടത്തിയും ലഹരി വിരുദ്ധ സന്ദേശം പകർന്ന് വിദ്യാർത്ഥിക്കൂട്ടം. അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തോടനുബന്ധിച്ച് കൊല്ലം ഹോക്കിയും ഐ.ആർ.ഇയും കൊല്ലം പ്രസ് ക്ലബും ചേർന്ന് കരുനാഗപ്പള്ളി ഗേൾസ് ആൻഡ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വിദ്യാർത്ഥികൾ ലഹരി വിപത്തിനെതിരെ സന്ദേശം നൽകിയത്.

പഠനവും സ്പോർട്സുമാകണം കുട്ടികളുടെ ലഹരിയെന്ന് ഉദ്ഘാടനം ചെയ്ത ഐ.ആർ.ഇ ജനറൽ മാനേജർ എൻ.എസ്.അജിത്ത് പറ‍ഞ്ഞു. കൊല്ലം ഹോക്കിക്ക് കീഴിലുള്ള താരങ്ങൾ തമ്മിലായിരുന്നു പ്രദർശന മത്സരം. കൊട്ടാരക്കര എസ്.ജി, ചവറ ബേബി ജോൺ മെമ്മോറിയൽ എന്നീ കോള‍ജുകളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ ലഹരിക്കെതിരെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

കൊല്ലം ഹോക്കി പ്രസിഡന്റ് ജി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി. കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ഡി.ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കൊല്ലം ഹോക്കി സെക്രട്ടറി ഡോ. എം.ജെ.മനോജ്, ഡോ. ജി.ഗോപകുമാർ, ഭക്തദർശൻ തുടങ്ങിയവർ സംസാരിച്ചു.