അനിലിന് ആശ്വസിക്കാം; അമ്മയ്ക്ക് ഇനി ഒരു കുഴിമാടം

Thursday 26 June 2025 12:38 AM IST
രാജമ്മ

ചൂരൽമല (വയനാട്): ഒടുവിൽ ചൂരൽമല മുളളത്തുതെരുവ് വീട്ടിൽ അനിലിന്റെ സങ്കടം അധികൃതർ കേട്ടു. രണ്ടിടങ്ങളിലായി സംസ്ക്കരിച്ച അമ്മ രാജമ്മയുടെ മൃതശരീരം ഒരു കുഴിയിൽ സംസ്ക്കരിക്കാനുളള ഏർപ്പാടുകൾ ചെയ്ത് തരാമെന്ന് കളക്‌ടറേറ്റിൽ നിന്ന് ഇന്നലെ സന്ദേശമെത്തി. അതോടെ അനിലിനും ആശ്വാസം.

അമ്മ രാജമ്മ ഉരുൾദുരന്തത്തെ തുടർന്ന് പുത്തുമലയിലെ പൊതുശ്മശാനത്തിൽ രണ്ടിടങ്ങളിലായാണ് അന്തിയുറങ്ങുന്നത്. അമ്മയെ ഒരു കുഴിമാടത്തിലാക്കിത്തരണമെന്ന് കാണിച്ച് കഴിഞ്ഞ ഒമ്പത് മാസമായി അനിൽ വയനാട് കളക്ടറേറ്റ് കയറിയിറങ്ങുകയായിരുന്നു. ശരിയാക്കാമെന്നായിരുന്നു ഓരോ തവണ ചെല്ലുമ്പോഴും സെക്ഷൻ ജെ.എസിന്റെ മറുപടി. അനിലിന്റെ സങ്കടമറിഞ്ഞ ഡി.വൈ.എഫ്. ഐ പ്രവർത്തകരടക്കം രംഗത്ത് വന്നതോടെയാണ് അനിലിനെ തേടി സന്ദേശമെത്തിയത്. അതിശക്തമായ മഴക്ക് അൽപ്പം ശമനം ഉണ്ടാകുമ്പോൾ ആ കർമ്മം നടത്താമെന്നാണ് കളക്‌റേറ്റിൽ നിന്നുള്ള അറിയിപ്പ്.

ഉരുൾദുരന്തത്തിൽ അനിലിന് അമ്മ രാജമ്മയ്ക്കൊപ്പം കുടുംബത്തിലെ അഞ്ചു പേരെയാണ് നഷ്ടമായത്. ദുരന്തമുണ്ടായി ഒന്നര മാസത്തിന് ശേഷം ഡി.എൻ.എ പരിശോധനയിലൂടെ രാജമ്മയുടെയും അനിലിന്റെ സഹോദരന്റെ ഒരു മകന്റെയും മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഫലം വരുന്നതിന് മുമ്പേതന്നെ ഇവരുടെ മൃതദേഹ ഭാഗങ്ങൾ പുത്തുമലയിലെ പൊതുശ്മശാനഭൂമിയിൽ 34,213 നമ്പറുകളുളള കുഴിമാടങ്ങളിലായി സംസ്ക്കരിക്കുകയായിരുന്നു. രണ്ട് കുഴിമാടങ്ങളിൽ പോയി അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടി വരുന്ന ദയനീയാവസ്ഥയാണ് ഇതേവരെ അനിലിന് ഉണ്ടായിരുന്നത്. ജൂലൈ മുപ്പതിനാണ് അമ്മയുടെ ആണ്ടറുതി.രണ്ട് കുഴിമാടങ്ങളിൽ പോയി കർമ്മങ്ങൾ നടത്തുക എന്നത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ശ്മശാനത്തിൽ ഇരുപത് മീറ്റർ വ്യത്യാസത്തിലാണ് രണ്ട് കുഴിമാടങ്ങൾ കിടക്കുന്നത്. ഉരുൾ ദുരന്തത്തിന് ശേഷം ടാക്സി ഡ്രൈവറായ അനിലിന് ജോലിയില്ല. വാടക വീട്ടിൽ കഴിഞ്ഞിരുന്ന അനിലിന് മൂന്ന് മാസം സർക്കാർ വീടിന്റെ വാടകയും നിത്യ ചെലവനുളള തുകയും നൽകിയിരുന്നു. എന്നാൽ പിന്നീടതും നിലച്ചു. സർക്കാർ വാടക നൽകാത്തതിനെ തുടർന്ന് അനിൽ കമ്പളക്കാട്ടെ ഒരുസുഹൃത്തിന്റെ വാടകവീട്ടിലാണ് താമസം. അനുജന്റെ മക്കളായ നിഷാൻ കൃഷ്ണ, നിവേദ് കൃഷ്ണ, ധ്യാൻ കൃഷ്ണ, ചേച്ചിയുടെ മകൻ കാളിദാസ് എന്നിവരാണ് ഉരുൾ ദുരന്തത്തിൽ അമ്മ രാജമ്മയ്ക്കൊപ്പം നഷ്ടപ്പെട്ടത്.