ട്രാൻ.ബസ് വാനിൽ ഇടിച്ചുകയറി, നാലുപേർക്ക് പരിക്ക്

Thursday 26 June 2025 12:00 AM IST

കൊല്ലം: എം.സി റോഡിൽ കൊട്ടാരക്കര കരിക്കത്ത് കെ.എസ്.ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. പാഴ്സൽ വാൻ ഡ്രൈവർ പത്തനാപുരം സ്വദേശി ശബരീനാഥിനാണ് (23) പരിക്കേറ്റത്. തലച്ചിറ സ്വദേശി ഷാഹിദ ബീവി (62) ഉൾപ്പടെ മൂന്ന് ബസ് യാത്രിക്കാർക്കും ചെറിയ പരിക്കുണ്ട്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിന് കൊട്ടാരക്കര സദാനന്ദപുരത്തിനും കരിക്കത്തിനും ഇടയിലായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ് വലതുവശത്തേക്ക് വെട്ടിത്തിരിഞ്ഞ് എതിരെ വന്ന പാഴ്സൽ വാനിൽ ഇടിക്കുകയായിരുന്നു. വാൻ പൂർണമായും തകർന്നു. വാൻ വെട്ടിപ്പൊളിച്ചാണ് ശ്രമകരമായാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇദ്ദേഹത്തെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും കെ.എസ്.ആർ.ടി.സിയുടെ റാപ്പിഡ് റിപ്പയർ ടീമും പൊലീസും സ്ഥലത്തെത്തി. കൊട്ടാരക്കര പൊലീസ് കേസെടുത്തു.