@ നായപ്പേടിയിൽ നാടും നഗരവും കടി കൊള്ളാൻ നാട്ടുകാർ, കെെ മലർത്തി അധികാരികൾ
കോഴിക്കോട്: തെരുവുനായ്ക്കളുടെ അക്രമത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുമ്പോൾ പരിഹാര നടപടിയെടുക്കാതെ കെെമലർത്തി തദ്ദേശ സ്ഥാപനങ്ങൾ. വെറ്ററിനറി വിദഗ്ദ്ധർ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങളും നടപ്പാക്കുന്നില്ല. ചൊവ്വാഴ്ച കോഴിക്കോട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 19 പേർക്ക് കടിയേറ്റു. ഈ സാഹചര്യത്തിൽ സ്കൂൾ പരിസരത്തും മാർക്കറ്റ്, ബസ് സ്റ്റാൻഡ് പോലുള്ള പൊതുസ്ഥലങ്ങളിലെയും അക്രമകാരികളായ നായ്ക്കളെ പിടികൂടി ഷെൽട്ടറിലടക്കണമെന്ന വെറ്ററിനറി വിദഗ്ദ്ധരുടെ നിർദ്ദേശത്തിന് പ്രസക്തിയേറുകയാണ്. ബ്ളോക്ക് അടിസ്ഥാനത്തിൽ ഇത്തരത്തിൽ ഒരു ഷെൽട്ടറെങ്കിലുമുണ്ടാക്കി നായ്ക്കളെ വന്ധ്യംകരിക്കണം. വാക്സിനുമെടുക്കാം. കടിയേൽക്കുന്നതും മരിക്കുന്നതും കൂടുതലും കുട്ടികളായതിനാൽ സ്കൂൾ തുറക്കും മുമ്പ് ഇത് ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ നടപ്പായില്ല. കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങി വന്ധ്യംകരിക്കാനും നടപടിയില്ല. രണ്ട് സെന്ററുകളേ ജില്ലയിലുള്ളൂ. വന്ധ്യംകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇതിൽ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ജൂനിയർ വെറ്ററിനറി ഡോക്ടർമാർക്ക് പരിശീലനം നൽകി വന്ധ്യംകരണം നടത്താനും നടപടിയുണ്ടായില്ല.
- വന്ധ്യംകരണം ശാശ്വത പരിഹാരമല്ല
- വന്ധ്യംകരണത്തിലൂടെ മാത്രം പ്രശ്നം തീരില്ലെന്നാണ് വെറ്ററിനറി വിദഗ്ദ്ധർ പറയുന്നത്. ഇതിനായി വർഷങ്ങൾ കാത്തിരുന്നാൽ പ്രശ്നം ഗുരുതരമാകും. ഇത് തടയാൻ പ്രധാന കേന്ദ്രങ്ങളിലെങ്കിലും തെരുവുനായ്ക്കളെ ഷെൽട്ടറിലടയ്ക്കണം. കുട്ടികൾക്ക് ബോധവത്കരണവും നൽകണം. ഇറച്ചിയും ഭക്ഷണ മാലിന്യവും പുറമ്പോക്കിലും തെരുവോരങ്ങളിലും തള്ളുന്നത് തെരുവുനായ്ക്കളെ ആകർഷിക്കുന്നു. കൂട്ടം കൂടുമ്പോൾ നായ്ക്കൾ കൂടുതൽ അക്രമകാരികളാകും.
- നിർദ്ദേശങ്ങൾ
- അക്രമകാരികളായ നായ്ക്കളെ കൊല്ലണം, കൂട്ടിലടയ്ക്കണം.
- മത്സ്യ മാംസാവശിഷ്ടങ്ങൾ പൊതു സ്ഥലത്തു കളയാതിരിക്കണം.
- പക്ഷിപ്പനി, പന്നിപ്പനി നിയന്ത്രണത്തിനെന്ന പോലെ നടപടിയെടുക്കണം.
- നായ്ക്കൾ പെരുകുന്നത് തടയാൻ വന്ധ്യംകരണം ഊർജ്ജിതമാക്കണം.
കടിയേറ്റ് ചികിത്സ തേടിയവർ ഈ മാസം.... 469
പേവിഷ കുത്തിവയ്പ് എടുത്തവർ.... 2100
(കോഴിക്കോട് മെഡി. കോളേജ്)
ജില്ലയിൽ എ.ബി.സി കേന്ദ്രങ്ങൾ.... 2
വന്ധ്യംകരിച്ച നായ്ക്കൾ.... 12,984
(കോഴിക്കോട് കോർപ്പറേഷൻ)
വന്ധ്യംകരണം പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമല്ല. വീട്ടിൽ വളർത്തുന്നവർക്ക് വാക്സിനേഷൻ, ലൈസൻസിംഗ്, ചിപ്പിംഗ് എന്നിവ നിർബന്ധമാക്കണം.
- ഡോ. എം.കെ. പ്രദീപ്കുമാർ
സംസ്ഥാന പ്രസിഡന്റ്,
ഇന്ത്യൻ വെറ്ററിനറി അസോ. കേരള