കെഫോൺ ഇനി ദേശീയതലത്തിൽ
Thursday 26 June 2025 1:15 AM IST
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം കെഫോൺ ഇനി ദേശീയതലത്തിൽ തിളങ്ങും. രാജ്യത്താകെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനുള്ള ഐ.എസ്.പി (എ) (ഇൻർനെറ്റ് സർവീസ് പ്രൊവൈഡർ കാറ്റഗറി എ)ലൈസൻസ് കെഫോണിന് ലഭിച്ചു. രാജ്യത്തെവിടെയും ഇനി കെഫോണിലൂടെ ഇന്റർനെറ്റ് സർവീസ് ലഭ്യമാക്കാനാവും. നിലവിൽ കേരളത്തിനകത്തുമാത്രമാണ് കെ ഫോൺ നെറ്റ് വർക്ക് സംവിധാനമുള്ളത്. ഐ.എസ്.പി (എ) ലൈസൻസ് നേട്ടം കെഫോണിന്റെ ജൈത്രയാത്രയിലെ ഒരു നാഴികക്കല്ലാണെന്ന് കെഫോൺ മാനേജിംഗ് ഡയറക്ടർ ഡോ.സന്തോഷ് ബാബു പറഞ്ഞു. പ്രധാനപ്പെട്ട ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുമായി സഹകരിച്ച് മറ്റു സംസ്ഥാനങ്ങളിൽ നെറ്റ് വർക്ക് സംവിധാനമൊരുക്കും. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഡി.ഒ.ടി എഎസ് ഡിവിഷൻ അണ്ടർ സെക്രട്ടറി ദിലീപ് സിംഗ് സങ്കാഗാർ കെഫോൺ എം.ഡി ഡോ.സന്തോഷ് ബാബുവിന് സർട്ടിഫിക്കറ്റ് കൈമാറി.