ജുവലറി ഉടമകള്‍ ഒന്നിക്കുന്നു; നടക്കാന്‍ പോകുന്നത് വിശാലമായ ആഭരണ പ്രദര്‍ശനം

Thursday 26 June 2025 12:18 AM IST

കൊച്ചി: കേരളത്തിലെ സ്വര്‍ണം, വെള്ളി, ഡയമണ്ട് വ്യാപാരികളുടെ സംസ്ഥാന സമ്മേളനം 29ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഇതോടനുബന്ധിച്ച് 27മുതല്‍ 'കേരള ജുവലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' എന്ന ആഭരണ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജി.എസ്.ടി, ബി.ഐ.എസ്, ലീഗല്‍ മെട്രോളജി, പൊലീസ് റിക്കവറി, ബാങ്ക് മെറ്റല്‍ വായ്പ തുടങ്ങിയ സ്വര്‍ണ വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചയും ഉണ്ടാകും.

27 ന് രാവിലെ 10ന് അസോസിയേഷന്‍ ഭാരവാഹികളും മുന്നൂറോളം സ്വര്‍ണ്ണ വ്യാപാരികളും ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

രണ്ടാം ദിവസത്തെ എക്സിബിഷന്‍ 28ന് രാവിലെ 10.30ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 2.30ന് കേരളം സമ്പൂര്‍ണ ഹാള്‍മാര്‍ക്കിംഗ് സംസ്ഥാനമായതിന്റെ പ്രഖ്യാപനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും.

29 ന് രാവിലെ 11 മണിക്ക് സംസ്ഥാന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാന്‍ എം.പി, റോജി ജോണ്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സ്വര്‍ണാഭരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 5000 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.