വനഗവേഷണ അനുമതി ഇനി റീച്ച് പോർട്ടൽ വഴി
Thursday 26 June 2025 1:37 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വനപ്രദേശങ്ങളിൽ ഗവേഷണം നടത്തുന്നവർക്കുള്ള അനുമതി ഇനിമുതൽ വനംവകുപ്പിന്റെ 'റീച്ച്" പോർട്ടൽ വഴിമാത്രം. പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം ജൂലായ് 1ന് ആരംഭിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ അറിയിച്ചു.
നേരിട്ടും ഇ-മെയിൽ മുഖേനയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://forest.kerala.gov.in ലെ ഇ-സർവീസസ് വിഭാഗത്തിൽ നിന്ന് റീച്ച് പോർട്ടലിലേക്ക് പ്രവേശിക്കാം. പേര്, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, യൂസർനെയിം, പാസ്‌വേർഡ് എന്നിവനൽകി രജിസ്ട്രേഷൻ നടത്താനാകും. ലോഗിൻ ഐ.ഡി ഉപയോഗിച്ച് പുതിയ അപേക്ഷയും സമർപ്പിക്കാം. മുമ്പ് സമർപ്പിച്ച അപേക്ഷകൾ എഡിറ്റ് ചെയ്യാനും അപേക്ഷയുടെ നില ട്രാക്ക് ചെയ്യാനും സാധിക്കും.