പരീക്ഷണങ്ങളിൽ ഒന്ന് നമ്മുടെ അഭിമാനം

Thursday 26 June 2025 1:06 AM IST

തിരുവനന്തപുരം: സ്പെയ്സ് സ്റ്റേഷനിലേക്ക് ആദ്യ ഇന്ത്യൻ യാത്രികൻ ശുഭാംശു ശുക്ള എത്തുമ്പോൾ കേരളത്തിനും അഭിമാനിക്കാം. രണ്ടാഴ്ച സ്പെയ്സ് സ്റ്റേഷനിൽ കഴിയുന്ന ശുഭാംശു 12 പരീക്ഷണങ്ങളാണ് നടത്തുക. അതിലൊന്നായ ജൈവപരീക്ഷണം തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജും വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (ഐ.ഐ.എസ്.ടി) ബഹിരാകാശ വകുപ്പും ചേർന്നാണ് തയ്യാറാക്കിയത്. ഗുരുത്വാകർഷണബലം തീരെ കുറവായ പശ്ചാത്തലത്തിൽ ഭക്ഷ്യവിത്തുകളുടെ വളർച്ചയും വിളവും സംബന്ധിച്ച പഠനമാണിത്.

മൈക്രോ ആൽഗകൾ ഉപയോഗിച്ച് ഭക്ഷണം വളർത്തൽ, സയനോബാക്ടീരിയയിൽ നിന്നുള്ള ഓക്സിജൻ, ബഹിരാകാശത്ത് പേശികൾ സംരക്ഷിക്കുന്നത്, ബഹിരാകാശത്ത് സസ്യങ്ങളുടെ അതിജീവനം, ടഫ് ടാർഡിഗ്രേഡുകൾ, ബഹിരാകാശയാത്രികരുടെ ആരോഗ്യം നിലനിറുത്തൽ തുടങ്ങിയവയാണ്

ശുഭാംശു നടത്തുന്ന മറ്റു പരീക്ഷണങ്ങൾ.

ശുഭാംശുവിന് എന്തെങ്കിലും കാരണത്താൽ പോകാനായില്ലെങ്കിൽ സ്റ്റാൻഡ് ബൈ ആയി മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ അമേരിക്കയിൽ എത്തിയിരുന്നു.

 ബഹിരാകാശത്തെ പഠനം ഇങ്ങനെ

1. ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന മൈക്രോ ആൽഗെയെ സൂക്ഷ്മ ഗുരുത്വബലം (മൈക്രോഗ്രാവിറ്റി) എങ്ങനെ ബാധിക്കും

2. ബഹിരാകാശ യാത്രികരുടെ പോഷണത്തിനുപയോഗിക്കാവുന്ന സാലഡ് വിത്തുകൾ ബഹിരാകാശത്ത് മുളപ്പിക്കാനാകുമോ

3. പാരാമാക്രോബയോട്ടസ് വിഭാഗത്തിലെ സൂക്ഷ്മ ജലജീവികളുടെ ബഹിരാകാശത്തെ അതിജീവനം എങ്ങനെ

4. മൈക്രോഗ്രാവിറ്റിയിൽ മെറ്റബോളിക് സപ്ലിമെന്റുകൾ ഉപയോഗിച്ച് മസിൽ വളർച്ചയുണ്ടാക്കാനാകുമോ

5. മൈക്രോഗ്രാവിറ്റിയിൽ ഇലക്ട്രോണിക് ഡിസ്‌പ്ലേ ഉപയോഗിക്കുമ്പോൾ മനുഷ്യർക്കുണ്ടാകുന്ന മാറ്റങ്ങളുടെ അവലോകനം

6. മൈക്രോഗ്രാവിറ്റിയിൽ യൂറിയയിലും നൈട്രേറ്റിലുമുള്ള സയാനോ ബാക്ടീരിയയ്ക്കുണ്ടാകുന്ന വളർച്ചാവ്യതിയാനങ്ങൾ