വാൻ ഹായ്: വി.ഡി.ആർ പരിശോധന ഇന്ന്
Thursday 26 June 2025 1:46 AM IST
കൊച്ചി: പൊട്ടിത്തെറിയിൽ തീപിടിച്ച കപ്പൽ 'വാൻഹായ് 503" ന്റെ വോയേജ് ഡാറ്റാ റെക്കോഡർ (വി.ഡി.ആർ) ഇന്ന് കൊച്ചിയിൽ പരിശോധിക്കും. രക്ഷാദൗത്യം നടത്തുന്ന ടി ആൻഡ് ടിയാണ് കപ്പലിൽ നിന്ന് വി.ഡി.ആർ വീണ്ടെടുത്തത്. കപ്പൽ അപകടത്തിന്റെ കാരണം വി.ഡി.ആറിൽനിന്ന് ലഭിക്കുമെന്നാണ് ഷിപ്പിംഗ് ഡയറക്‌ടർ ജനറൽ ഓഫീസിന്റെ പ്രതീക്ഷ. അപകടസമയത്ത് കപ്പൽ സഞ്ചരിച്ച വേഗത, ദിശ, ജീവനക്കാരുടെ സംഭാഷണം, മറ്റു കപ്പലുകളുമായി നടത്തിയ ആശയവിനിമയം തുടങ്ങിയവ വി.ഡി.ആറിൽ നിന്ന് ലഭിക്കും. കപ്പലിനെ തീരത്തുനിന്ന് 100 നോട്ടിക്കൽ മൈൽ അകലേക്ക് 72 മണിക്കൂറിനകം നീക്കാൻ ഷിപ്പിംഗ് ഡയറക്‌ടർ ജനറൽ നിർദ്ദേശം നൽകി. ഇന്ധനച്ചോർച്ചയുണ്ടായാൽ തീരത്ത് മലിനീകരണം ഒഴിവാക്കുകയാണ് ലക്ഷ്യം. കപ്പൽ ടാങ്കിലെ ഇന്ധനം നീക്കാൻ പദ്ധതി തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.