മൂന്ന് ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരം, രാവിലത്തെ മൂത്രം ഉപയോഗിച്ചുള്ള സൂത്രം; വീഡിയോയുമായി യുവതി

Thursday 26 June 2025 9:30 AM IST

മരുന്നുകൾ ഉപയോഗിക്കാതെ ജീവിക്കാനാകുമെന്ന അവകാശവാദവുമായി രംഗത്തെത്തിയ നൂപുർ പിറ്റി എന്ന യുവതിയുടെ പുതിയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മൂത്രം ഉപയോഗിച്ച് ദിവസവും കണ്ണ് കഴുകാറുണ്ടെന്നാണ് പുതിയ വീഡിയോയിൽ യുവതി അവകാശപ്പെടുന്നത്.

എങ്ങനെയാണ് മൂത്രം കൊണ്ട് കണ്ണ് കഴുകുന്നതെന്നും യുവതി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. 'പ്രകൃതിയുടെ സ്വന്തം മരുന്ന്' എന്നാണ് യുവതി മൂത്രത്തെ വിശേഷിപ്പിക്കുന്നത്. രാവിലത്തെ ആദ്യ മൂത്രമാണ് കണ്ണ് കഴുകാനായി ഉപയോഗിക്കുന്നത്.

കണ്ണിന്റെ ഡ്രൈനസും, കണ്ണിൽ നിന്നുള്ള അസ്വസ്ഥതകളും, ചുവപ്പുനിറവുമൊക്കെ മാറിക്കിട്ടുമെന്ന് യുവതി അവകാശപ്പെടുന്നു. ഘട്ടം ഘട്ടമായിട്ടാണ് കണ്ണ് കഴുകുന്നത് എങ്ങനെയെന്ന് യുവതി കാണിച്ചുതരുന്നത്. രണ്ട് ചെറിയ കുപ്പിയിൽ മൂത്രം ഒഴിക്കുന്നു. ശേഷം അത് കണ്ണിൽ വയ്ക്കുന്നു.

വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. 24 മണിക്കൂറിനുള്ളിൽ ഒന്നര ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു. പിന്നാലെ മെഡിക്കൽ പ്രൊഫഷണലുകളിൽ നിന്നും നെറ്റിസൺമാരിൽ നിന്നും വലിയ രീതിയിൽ വിമർശനമാണ് യുവതിക്കെതിരെ ഉയരുന്നത്. ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യമാണിതെന്നും, ഇതുമൂലം കണ്ണിന് അണുബാധയേൽക്കാൻ സാദ്ധ്യതയുണ്ടെന്നുമൊക്കെ വിമർശകർ ചൂണ്ടിക്കാണിക്കുന്നു.