കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിച്ചു; തൃശൂരിൽ ബസിനടിയിൽപ്പെട്ട് 22കാരൻ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

Thursday 26 June 2025 11:30 AM IST

തൃശൂർ: സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൃശൂർ എംജി റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെ ആണ് യുവാവ് ബസിനടിയിൽപ്പെട്ടത്. ഉദയനഗർ സ്വദേശി വിഷ്‌ണുദത്ത് (22) ആണ് മരിച്ചത്. തൃശൂർ സീതാറാം ഫാർമസിയിലെ ജീവനക്കാരനായിരുന്നു വിഷ്‌ണുദത്ത്.

വിഷ്‌ണുദത്തിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന അമ്മ പത്മിനി (60) ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെ പിന്നിൽ നിന്നുവന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്‌ണുദത്തിനെ രക്ഷിക്കാനായില്ല. ഇരുവരും വടക്കുന്നാഥ ക്ഷേത്ര ദർശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വിഷ്‌ണുദത്തിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ ജനരോഷം ശക്തമാവുകയാണ്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവും കൗൺസിലർമാരും ഉൾപ്പെടെ റോഡിലെ കുഴിയിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പിടിച്ചുമാറ്റാൻ പൊലീസ് ശ്രമിച്ചിട്ടും നടന്നില്ല. ഇവർ മേയർക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. കോർപ്പറേഷന്റെ അനാസ്ഥയാണ് യുവാവിന്റെ മരണത്തിന് കാരണമെന്നാണ് കോൺഗ്രസിന്റെ ആരോപണം. പൂർണമായും റോഡ് തടഞ്ഞുകൊണ്ടാണ് പ്രതിഷേധം. ഒടുവിൽ ഏറെ പണിപെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും മാറ്റിയത്. ബിജെപിയും സംഭവത്തിൽ പ്രതിഷേധവുമായെത്തി.