പ്രവാസികൾ സൂക്ഷിക്കൂ; അക്കൗണ്ടിൽ ഒരു രൂപ പോലും ബാക്കി കാണില്ല, പണി കിട്ടിയത് മുഴുവൻ ഈ സൈറ്റിൽ കയറിയവർക്ക്

Thursday 26 June 2025 12:12 PM IST

അബുദാബി: ലിങ്കിൽ ക്ലിക് ചെയ്‌ത് പണം നഷ്‌ടപ്പെട്ട നിരവധിപേർ നമുക്ക് ചുറ്റുമുണ്ട്. കെണികൾ നമ്മൾ മനസിലാക്കുന്നതോടെ തട്ടിപ്പുകാർ പുതിയ പുതിയ കെണികൾ കണ്ടെത്തുന്നു. പലരും ഇതിൽ വിശ്വസിച്ച് ചതിക്കപ്പെടുന്നു. അത്തരത്തിൽ അക്കൗണ്ടിലെ പണം മുഴുവൻ നഷ്‌ടമായിരിക്കുകയാണ് ദുബായിൽ താമസിക്കുന്ന എൻകെയ്‌ക്ക്. അദ്ദേഹത്തിന് മാത്രമല്ല, പല പ്രവാസികൾക്കും ഇത്തരത്തിലൊരു ചതി സംഭവിച്ചേക്കാം. അതിനാൽ, ശ്രദ്ധിക്കുക.

ഒരു പ്രമുഖ വെബ്‌സൈറ്റിൽ അദ്ദേഹം തന്റെ കോഫി ടേബിൾ വിൽക്കാനായി ഇട്ടു. ഈ പരസ്യം നൽകി രണ്ടാമത്തെ ദിവസം തന്നെ അത് വാങ്ങാൻ താൽപ്പര്യം അറിയിച്ച് ഒരാൾ വാട്‌സാപ്പിൽ സന്ദേശം അയച്ചു. വില ഉറപ്പിക്കുകയും ചെയ്‌തു. കോഫി ടേബിൾ എടുക്കുന്നതിനായി കരീം ഡെലിവറി അയയ്ക്കാമെന്ന് പറഞ്ഞശേഷം പണം നൽകുന്നതിനായി ഒരു ലിങ്കിൽ എൻകെയുടെ കാർഡ് വിവരങ്ങൾ ആവശ്യപ്പെട്ടു. അദ്ദേഹം ആ ലിങ്കിൽ ക്ലിക്ക് ചെയ്‌തതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് 2,500 ദിർഹം (58,000 രൂപ) പിൻവലിച്ചതായി സന്ദേശം വന്നു. ഉടൻ തന്നെ അദ്ദേഹം ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്‌തെങ്കിലും അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവൻ നഷ്‌ടപ്പെട്ടിരുന്നു.

ഇതുപോലുള്ള തട്ടിപ്പുകളിൽ വീഴരുതെന്ന് ടെക് ഭീമനായ കരീം കമ്പനി മുന്നറിയിപ്പ് നൽകി. 10,000 ദിർഹം വരെ പലർക്കും നഷ്‌ടപ്പെട്ടിട്ടുണ്ട്. യുഎഇയിലുടനീളമുള്ളവരെ ഈ തട്ടിപ്പുകാർ ലക്ഷ്യമിടുന്നുണ്ട്. വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്കുകളും മുന്നറിയിപ്പ് നൽകി.