ഇത് കുത്തിപ്പൊക്കാൻ അവനാരാ സിബിഐയോ? പൊലീസിൽ നിന്ന് നീതി ലഭിച്ചില്ല, അവർ ദേഷ്യപ്പട്ടു; പൊട്ടിക്കരഞ്ഞ് രേണു സുധി

Thursday 26 June 2025 3:37 PM IST

തന്നെ അപമാനിച്ച വ്‌ളോഗർക്കെതിരെ പരാതി നൽകാൻ സ്റ്റേഷനിൽ പോയപ്പോൾ പൊലീസുകാർ ദേഷ്യപ്പെട്ടെന്ന് രേണു സുധി. വ്‌ളോഗർ അതുലിനെതിരെ പരാതി നൽകാനായിരുന്നു രേണു ചെന്നത്. കൂടെ സഹോദരിയും ഉണ്ടായിരുന്നു. എന്നാൽ പൊലീസ് തങ്ങളോട് ദേഷ്യപ്പെടുകയാണുണ്ടായതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് അവർ പറഞ്ഞു.

'പൊലീസ് സ്റ്റേഷനിൽ നിന്ന് ഞങ്ങൾക്ക് നീതി കിട്ടിയിട്ടില്ല. ഇവിടെ അത് തീർക്കാൻ പറ്റത്തില്ല, ഞങ്ങളെ ചാടിച്ച് വിടുകയായിരുന്നു. കോടതിയിൽ തന്നെ പോകുകയാണ്. സ്ത്രീകളെന്ന പരിഗണന പോലും തന്നില്ല. ഇവർ ദേഷ്യപ്പെടുകയാണ്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനാണ്. ശരിക്കും ഞങ്ങളോട് ദേഷ്യപ്പെട്ടു. എന്തിനാണ് ദേഷ്യപ്പെട്ടതെന്ന് ഞങ്ങൾക്കറിയത്തില്ല. ഇതുകണ്ടിട്ടൊന്നുമല്ല രേണു സുധി കരയുന്നത്. നിയമത്തെ ബഹുമാനിക്കുന്നതുകൊണ്ടാണ് നമ്മൾ അവിടെ പോയതും പരാതി കൊടുത്തതും. ഞങ്ങൾ പെണ്ണുങ്ങളാണ്. ഭയങ്കരമായി ചൂടാകുകയാണ്.'- രേണു സുധി പറഞ്ഞു.

വ്ളോഗറെയും രേണു രൂക്ഷമായി വിമർശിച്ചു. 'ഞാൻ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ഇവന്മാർക്കെന്താ. എന്റെ സുധിച്ചേട്ടനും പ്രശ്നമില്ല, ഈ ആരോപണം നേരിടുന്നവർക്കും പ്രശ്നമില്ല. പിന്നെ ഇത് കുത്തിപ്പൊക്കാൻ ഇവനാരാ സിബിഐയോ. എന്റെ പിറകെ നടക്കാൻ ആരെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ, ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം. ഒരു കോലും പിടിച്ച്, വ്‌ളോഗറാണെന്നും പറഞ്ഞ് എന്തിനാണ് എന്റെ പിറകെ ഇവൻ നടക്കുന്നത്. പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ കോടതിയിൽ പോകാനാണ് പറയുന്നത്. ജനമൈത്രിയല്ലേ. ഞാനൊരു വിധവയാണ്. അതുപോട്ടെ, ചെയ്യുന്നതിന്റെ മാക്സിമം ചെയ്തുകൊണ്ടിരിക്കുകയാണ് അതുൽ എന്ന വ്‌ളോഗർ.'- രേണു സുധി വ്യക്തമാക്കി.