സംരക്ഷണഭിത്തിയിൽ വിളളൽ; മഴ കുറയുന്നതുവരെ ബെയ്‌ലി പാലം താൽക്കാലികമായി അടച്ചു

Thursday 26 June 2025 4:03 PM IST

വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചൂരൽമലയിലെ ബെയ്‌ലി പാലം താൽക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളിൽ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നാണ് നിർദ്ദേശം. ഇന്നലെ പുഴയിൽ ഉണ്ടായ കനത്ത ഒഴുക്കിൽ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയിരുന്നു. പാലത്തിന്റെ തൂണുകൾക്കു താഴെനിന്നാണ് മണ്ണൊലിച്ചുപോയത്.

പാലത്തിന് ബലക്ഷയം ഉണ്ടാകാതിരിക്കാൻ സംരക്ഷണ ഭിത്തിക്കുള്ളിൽ മണ്ണിട്ട് നിറയ്ക്കുന്നതിനുളള ശ്രമത്തിലാണ് നാട്ടുകാരും അധികൃതരും. പുന്നപ്പുഴയിൽ കുത്തൊഴുക്കുണ്ടെങ്കിലും ഇന്നലത്തേക്കാൾ ജലനിരപ്പ് കുറവാണ്. കനത്ത മഴയിൽ കല്ലൂർപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. പുഴയ്ക്ക് സമീപം താമസിക്കുന്ന കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മഴ കനക്കുകയാണെങ്കിൽ പ്രദേശത്തെ മറ്റു കുടുംബങ്ങളെക്കൂടി ക്യാമ്പിലേക്ക് മാറ്റാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. മുണ്ടക്കൈയില്‍ നിലവില്‍ ജനവാസം ഇല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.