സിമ്പിളായൊരു കാര്യം ചെയ്താൽ മതി, പണക്കാരിയാകാം; സാനിയ മിർസയുടെ സഹോദരിയുടെ ട്രിക്ക്‌

Thursday 26 June 2025 4:04 PM IST

വരവിനേക്കാൾ കൂടുതൽ ചെലവാണെന്ന് പരാതി പറയാത്തവർ വളരെ ചുരുക്കമായിരിക്കും. പണം സേവ് ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽപ്പോലും മിക്കപ്പോഴും അത് സാധിക്കാത്ത അവസ്ഥയായിരിക്കും. ഒട്ടും ആവശ്യമില്ലെങ്കിൽപ്പോലും പല സാധനങ്ങളും വാങ്ങിക്കൂട്ടുന്നവരുമുണ്ട്.

ഇപ്പോഴിതാ ദുർചെലവുകൾ കുറച്ച് പണം സേവ് ചെയ്യാൻ താനൊരു സൂത്രം പ്രയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസ. വളരെ സിമ്പിളായൊരു മാർഗമാണിതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ തുറന്നുപറഞ്ഞു.

ഫോണിലുള്ള യുപിഐ ആപ്പുകളെല്ലാം ഡിലീറ്റ് ചെയ്യുകയെന്നതാണ് ആ സൂത്രം. ഗൂഗിൾ പേ അടക്കമുള്ള എല്ലാം കളഞ്ഞു. ക്യൂആർ കോഡ് സ്‌കാൻ ചെയ്തുള്ള ഷോപ്പിംഗ് ഒഴിവാക്കി. പകരം കൈയിൽ കാശ് കൊണ്ടുപോയി ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങാൻ തുടങ്ങി.

ചെറിയ മാറ്റങ്ങൾ വലിയ ഇംപാക്ട് ഉണ്ടാക്കുമെന്ന് അനം പറയുന്നു. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തില്ല എന്നതിനർത്ഥം ചെലവ് കുറഞ്ഞുവെന്നാണ്. ഇതോടെ എങ്ങോട്ടൊക്കെയാണ് തന്റെ പണം പോയിക്കൊണ്ടിരുന്നതെന്നും മനസിലായെന്ന് അവർ പറയുന്നു.

യു പി ഐ ആപ്പ് ഡിലീറ്റ് ചെയ്ത് കുറച്ചുനാൾ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ പേഴ്സിൽ കാശ് കൊണ്ടുപോകുന്ന പതിവ് ഇല്ലാത്തതിനാൽ പലപ്പോഴും പണമെടുക്കാൻ മറന്നു. അത്തരം സന്ദർഭങ്ങളിൽ ചായ കുടിക്കുമ്പോഴും മറ്റും സുഹൃത്തുക്കളായിരുന്നു പണം നൽകി സഹായിച്ചത്. എന്നാൽ ഇന്ന് യു പി ഐ പെയ്‌മെന്റ് ഇല്ലാതെ ജീവിക്കാൻ പഠിച്ചു.

അനം മിർസയുടെ വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് യുവതിയുടെ അഭിപ്രായം ശരിവച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. യുപിഐ ആപ്പ് ഫോണിലുണ്ടെങ്കിൽ അനാവശ്യ സാധനങ്ങൾ വാങ്ങാൻ തോന്നുമെന്നും പണക്കാരിയാകാനുള്ള കിടിലൻ സൂത്രമാണിതെന്നൊക്കെയാണ് ആളുകൾ കമന്റ് ചെയ്‌തിരിക്കുന്നത്.