'വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഉയർത്തണം'; അനിശ്ചിത കാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ

Thursday 26 June 2025 4:44 PM IST

തൃശൂർ: വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം നടത്തും. അടുത്ത മാസം 22 മുതലാണ് സമരം. ഇതിനുമുന്നോടിയായി ജൂലായ് എട്ടിന് സൂചനാ സമരം നടത്തും. നിരക്ക് വർദ്ധനവ് ഉൾപ്പെടെ ബസുടമകൾ ഉന്നയിക്കുന്ന ആറ് പ്രധാന ആവശ്യങ്ങളിൽ തീരുമാനമില്ലാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് വിവരം.

പൊതുയാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും വിദ്യാർത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ബസുടമ സംയുക്ത സമരസമിതി ചെയർമാൻ ഹംസ എരികുന്നൻ, ജനറൽ കൺവീനർ ടി.ഗോപിനാഥൻ എന്നിവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊതു യാത്രാനിരക്ക് വർദ്ധനവ് കൊണ്ട് സ്വകാര്യ ബസുടമകളേക്കാൾ നേട്ടമുണ്ടാകുന്നത് കെഎസ്ആർടിസിക്ക് മാത്രമാണെന്നും സമരസമിതി ആരോപിച്ചു.

140 കിലോമീറ്റർ ദൂരത്തിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകാനുള്ള നടപടി സ്വീകരിക്കുക, വിദ്യാർത്ഥി കൺസഷൻ കാർഡ് വിതരണം കാലോചിതമായി പരിഷ്കരിക്കുക, ബസുടമകളിൽ നിന്ന് അമിതമായി പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക, ഉടമകൾക്ക് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന അശാസ്ത്രീയമായ നടപടികൾ പിൻവലിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കുക എന്നിവയാണ് സമരസമിതിയുടെ മറ്റ് ആവശ്യങ്ങൾ.