ഡോക്ടര്‍മാര്‍ വ്യാപകമായി ചെയ്യുന്നത്, ഇനിയും തുടര്‍ന്നാല്‍ നല്ല പണി കിട്ടും; കടുപ്പിക്കാന്‍ അധികൃതര്‍

Thursday 26 June 2025 6:42 PM IST

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഹെല്‍ത്ത് കാര്‍ഡ് പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും നിര്‍ദേശം നല്‍കി. പത്തനംതിട്ടയില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഒരു കാറ്ററിംഗ് സ്ഥാപനത്തിന് ഒരു ലാബില്‍ നിന്നും ഒന്നിച്ച് വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കിയെന്ന സംശയം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ഇതിനെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് റഗുലേഷന്‍ പ്രകാരം ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് സഹായകരമായി കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ നിരക്കില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കിയിരുന്നു. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയോ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായോ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡോക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷണം തയ്യാറാക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും രോഗമില്ലെന്ന് ഉറപ്പ് വരുത്താന്‍ കൂടിയാണ് മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകള്‍, ബാക്ടീരിയകള്‍ അടക്കമുള്ള സൂക്ഷ്മ ജീവികള്‍ പകര്‍ന്ന് രോഗമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ജീവനക്കാര്‍ക്ക് പകര്‍ച്ചവ്യാധികള്‍, മുറിവ്, മറ്റ് രോഗങ്ങള്‍ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണ് മെഡിക്കല്‍ പരിശോധന നടത്തുന്നത്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് റഗുലേഷന്‍ പ്രകാരം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമായി ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ്.

ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതെങ്ങനെ?

രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ നല്‍കുന്ന നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്ത പരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.