സാമ്പത്തിക തട്ടിപ്പ്: നടൻ സൗബിന് മുൻകൂർ ജാമ്യം

Friday 27 June 2025 1:12 AM IST

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ 'മഞ്ഞുമ്മൽ ബോയ്‌സ്" സിനിമയുടെ നിർമ്മാതാക്കൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നിർമ്മാണക്കമ്പനിയായ പറവ ഫിലിംസിന്റെ പാർട്ണർമാരായ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, മാനേജർ ഷോൺ ആന്റണി എന്നിവരുടെ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. ജൂലായ് 7നും ആവശ്യമെങ്കിൽ 8നും മരട് പൊലീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഉപാധിയോടെയാണിത്. ഹാജരാകുന്ന ദിവസം രാവിലെ 10 മുതൽ 5 വരെ ചോദ്യംചെയ്യാം. അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയയ്‌ക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ലാഭവിഹിതം നൽകിയില്ലെന്നാരോപിച്ച്, സിനിമയ്‌ക്ക് സാമ്പത്തിക സഹായം നൽകിയ സിറാജ് വലിയതുറ ഹമീദ് നൽകിയ പരാതിയിലാണ് ഹർജിക്കാർക്കെതിരെ പൊലീസ് കേസെടുത്തത്. സിനിമയുടെ ലാഭവിഹിതമടക്കം നിർ‌മ്മാതാക്കൾ സ്വന്തം അക്കൗണ്ടിലൂടെ മാറ്റിയതിൽ ഗൂഢാലോചനയും വിശ്വാസവഞ്ചനയും ചുമത്തിയാണ് കേസ്.