എ.ഐ ക്യാമറ: 30ന് വാദം തുടരും
Friday 27 June 2025 1:09 AM IST
കൊച്ചി: ഗതാഗത നിരീക്ഷണത്തിന് സംസ്ഥാനത്ത് എ.ഐ ക്യാമറകൾ സ്ഥാപിച്ചതിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം നൽകിയ ഹർജികളിൽ 30ന് വാദം തുടരും. വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെയും സാങ്കേതിക സമിതികളുടെയും മേൽനോട്ടത്തിലാണ് പദ്ധതിയെന്ന് സർക്കാർ ഇന്നലെ വാദിച്ചു. നടപടികൾ സുതാര്യമാണെന്നും അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടി.
ബി.ഒ.ഒ.ടി (ബിൽഡ്, ഓൺ, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) മാതൃകയിലുള്ള 236 കോടി രൂപയുടെ പദ്ധതിക്കാണ് ടെൻഡർ വിളിച്ചിരുന്നതെന്നും പിന്നീട് പണം നൽകി നടപ്പാക്കുന്ന രീതിയിലേക്ക് മാറ്റിയതിൽ ക്രമക്കേടുണ്ടെന്നുമാണ് ഹർജിക്കാരുടെ ആരോപണം. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ,ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിച്ചത്.