പോപ്പുലർ ഫ്രണ്ട് നേതാവിന് ജാമ്യമില്ല
ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് എ.എസ്. ഇസ്‌മായിൽ മോശം ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇടപെടാതെ സുപ്രീംകോടതി. ഇസ്‌മായിലിനെ പരിശോധിച്ച് ഡൽഹി എയിംസ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് നിലപാട്. അടിയന്തര മെഡിക്കൽ സാഹചര്യമില്ല.ഇപ്പോൾ ഫിസിയോതെറാപ്പിയാണ് ആവശ്യമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. തിഹാർ ജയിലിലെ ഫിസിയോതെറാപ്പി സൗകര്യം പ്രതിക്ക് അനുവദിക്കണമോയെന്നത് പരിശോധിക്കാൻ കോടതി തീരുമാനിച്ചു. എൻ.ഐ.എയ്‌ക്കും തിഹാർ ജയിൽ അധികൃതർക്കും ഉൾപ്പെടെ നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ,എൻ. കോട്ടീശ്വർ സിംഗ് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. 2024 ഒക്ടോബറിൽ തമിഴ്നാട് സ്വദേശി കൂടിയായ ഇസ്‌മായിലിന് പക്ഷാഘാതമേറ്റിരുന്നു.
പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനു പിന്നാലെയാണ് ഇസ്‌മായിലിനെ അറസ്റ്റ് ചെയ്‌തത്. രാജ്യത്ത് ഭീകരപ്രവർത്തനത്തിനായി ഫണ്ട് ശേഖരിച്ചു, ഭീകരപരിശീലന കേന്ദ്രങ്ങൾ സംഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് എൻ.ഐ.എ ചുമത്തിയിരിക്കുന്നത്.