മുഖ്യമന്ത്രിയുടെ പ്രതിഷേധം നന്നായി: വി.ഡി.സതീശൻ
തിരുവനന്തപുരം: രാജ്ഭവനെ രാഷ്ട്രീയ പ്രചാരണ വേദിയാക്കുന്നതിനെതിരെ അല്പം വൈകിയാണെങ്കിലും മുഖ്യമന്ത്രി പ്രതിഷേധിച്ചത് നന്നായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തിയെ എത്തിച്ച് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി മുൻ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ചപ്പോൾ, രാജ്ഭവനെ രാഷ്ട്രീയ പ്രചാരണ വേദിയാക്കരുതെന്ന് പ്രതിപക്ഷം പറഞ്ഞതാണ്. പിന്നീടാണ് മന്ത്രിമാരായ പി.പ്രസാദും ശിവൻകുട്ടിയുമായും പ്രശ്നമുണ്ടായത്. അപ്പോഴൊക്കെ മൗനത്തിന്റെ വാൽമീകത്തിൽ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്നുതന്നെ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തേണ്ടതായിരുന്നെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഗവർണർക്ക് ആർ.എസ്.എസുകാരനായി തുടരാം. പക്ഷേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യരുത്. ഇത് മതേതര കേരളമാണെന്ന് ഗവർണറെ ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത മുഖ്യമന്ത്രിക്കും ഭരണകൂടത്തിനുമുണ്ട്. വിഷയത്തിൽ നല്ല വ്യക്തതയുള്ള ആളാണ് ഡോ. എം.കെ. മുനീർ. അദ്ദേഹത്തിന്റെ അഭിപ്രായം തന്നോട് പറഞ്ഞിട്ടുണ്ട്. നിലമ്പൂർ വിജയം വ്യക്തി കേന്ദ്രീകൃതമല്ലെന്നും സതീശൻ പറഞ്ഞു.