മാലിന്യം കളയാൻ എ.സി ബൂത്ത്!
ഇന്ത്യയിൽ ആദ്യം ആലുവയിൽ
ആലുവ: ഇന്ത്യയിൽ ആദ്യമായി ബാങ്ക് എ.ടി.എം കൗണ്ടർ മാതൃകയിൽ ജൈവമാലിന്യ സംസ്കരണത്തിന് ശീതീകരിച്ച ബൂത്ത് ആലുവയിൽ. ദുർഗന്ധമില്ല, വൃത്തികേടുകളില്ല. നഗരസഭയുടേതാണ് പദ്ധതി. 30 ശതമാനം ലാഭവിഹിതവും നഗരസഭയ്ക്ക് ലഭിക്കും. ജൂലായ് ആദ്യവാരം ബൂത്ത് ഉദ്ഘാടനം ചെയ്യും.
ബൂത്തിന് മുമ്പിൽ തൂവെള്ള വസ്ത്രമണിഞ്ഞ സ്ത്രീ വരവേൽക്കാനുണ്ടാകും. അവരുടെ സഹായമില്ലാതെ മാലിന്യം നിക്ഷേപിക്കാം. കിലോ ഒന്നിന് ഏഴ് രൂപ ഫീസുണ്ട്. ദിവസം ഏഴ് ടൺ മാലിന്യം വരെ നിക്ഷേപിക്കാം. സംസ്കരണത്തിന് ശേഷം ലഭിക്കുന്ന ബയോഗ്യാസ് ബി.പി.സി.എല്ലിനും എണ്ണയുടെ അംശം അടങ്ങിയ അവശിഷ്ടവും വളവും ബയോ ഡീസൽ ആക്കുന്നതിന് എടയാറിലെ സ്വകാര്യ ഏജൻസിക്കും കൈമാറും.
ഒരു സെന്റ് സ്ഥലം, ചെലവ് 20 ലക്ഷം
എടയാർ റോബോബിൻ എൻവിറോ ടെക് ആണ് ടൗൺഹാളിന് മുമ്പിൽ 20 ലക്ഷം മുടക്കി ഇൻഹൗസ് ബയോവേസ്റ്റ് ഇക്കോ സിസ്റ്റം സ്ഥാപിക്കുന്നത്. ഒരു സെന്റ് സ്ഥലം മാത്രം മതി. ഒന്നര വർഷം മുമ്പ് പരീക്ഷണാർത്ഥം നഗരസഭ കാര്യാലയത്തിൽ സ്ഥാപിച്ചത് വിജയിച്ചതിനാലാണ് പുതിയ പരീക്ഷണം. വിജയിച്ചാൽ സ്വകാര്യ ബസ് സ്റ്റാൻഡ്, തോട്ടക്കാട്ടുകര മാർക്കറ്റ് എന്നിവിടങ്ങളിലും ബൂത്തുകൾ സ്ഥാപിക്കും.
ക്യൂ ആർ കോഡിൽ തുകയറിയാം
ബൂത്തിലെ ത്രാസിലേക്ക് മാലിന്യം വച്ചാൽ തൂക്കവും ക്യൂ ആർ കോഡും അടക്കേണ്ട തുകയും ഡിജിറ്റലായി തെളിയും. പണം അക്കൗണ്ടിലേക്ക് എത്തിയാൽ മാലിന്യം നിക്ഷേപിക്കേണ്ട പെട്ടി പുറത്തേക്ക് വരും.
മാലിന്യസംസ്കരണ ജോലിയുടെ അന്തസും അഭിമാനവും ഉയർത്തുന്ന വിധമാണ് എ.ടി.എം കൗണ്ടർ മാതൃകയിലെ മാലിന്യ സംസ്കരണ ബൂത്ത് പ്രവർത്തിക്കുക. വാഹനവാടക കൂടി നൽകിയാൽ മാലിന്യം സ്ഥാപനങ്ങളിലും വീടുകളിലുമെത്തി ശേഖരിക്കും.
ഷിബു വിജയഭേദം പ്രൊജക്ട് മാനേജർ
റോബോബിൻ എൻവിറോ ടെക്