ചെറുകാറുകൾക്ക് ഇളവുകൾ പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ
Friday 27 June 2025 12:18 AM IST
കൊച്ചി: ചെറുകാറുകളുടെ ഇന്ധനക്ഷമത നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. രാജ്യത്തെ ഏറ്റവും വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി അടക്കം ഇക്കാര്യം സർക്കാരിനോട് ദീർഘകാലമായി ആവശ്യപ്പെടുകയാണ്. ആയിരം കിലോയിൽ താഴെ ഭാരമുള്ള കാറുകളുടെ മലിനീകരണ മാനദണ്ഡങ്ങളിൽ ഇളവ് നൽകുന്നതോടെ വിൽപ്പന മെച്ചപ്പെടുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാരുതിയുടെ ചെറുകാർ വിൽപ്പനയിൽ 18 ശതമാനം ഇടിവാണുണ്ടായത്.
സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ പെരുമഴയാണ് ചെറുകാറുകൾക്ക് പ്രിയം കുറച്ചത്. ഉയർന്ന എമിഷൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയിൽ കാറുകൾ പുറത്തിറക്കാൻ കമ്പനികളും ഏറെ ബുദ്ധിമുട്ടുകയാണ്. ആൾട്ടോ, വാഗണർ തുടങ്ങിയ വാഹനങ്ങൾ കനത്ത തിരിച്ചടിയാണ് കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ വിപണിയിൽ നേരിട്ടത്.