ഇന്ത്യൻ ഓഹരികളിൽ കുതിപ്പ് തുടരുന്നു

Friday 27 June 2025 12:23 AM IST

പശ്ചിമേഷ്യയിലെ സമാധാനം നിക്ഷേപകർക്ക് ആവേശമായി

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം മയപ്പെട്ടതിന് പിന്നാലെ വിദേശ, സ്വദേശ നിക്ഷേപകർക്ക് ആവേശമേറിയതോടെ ഇന്ത്യൻ ഓഹരി സൂചികകൾ ഒൻപത് മാസത്തെ ഉയർന്ന തലത്തിലെത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് സെൻസെക്സും നിഫ്റ്റിയും നേട്ടമുണ്ടാക്കുന്നത്. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 1,003 പോയിന്റ് നേട്ടത്തോടെ 83,759ൽ അവസാനിച്ചു. നിഫ്‌റ്റി 304 പോയിന്റ് ഉയർന്ന് 25,549ൽ വ്യാപാരം പൂർത്തിയാക്കി. ചെറുകിട, ഇടത്തരം ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. മെറ്റൽ, ധനകാര്യ മേഖലയിലെ ഓഹരികളാണ് ഇന്നലത്തെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ശ്രീറാം ഫിനാൻസ്, ജിയോ ഫിനാൻഷ്യൽ സർവീസസ്, ടാറ്റ സ്‌റ്റീൽ, ഭാരതി എയർടെൽ, ഹിണ്ടാൽകോ എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികൾ. ചരിത്രത്തിലാദ്യമായി രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരി വില 2,000 രൂപ കവിഞ്ഞ് റെക്കാഡിട്ടു.

ഡോളറിന് അടിതെറ്റുന്നു

അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ വിശ്വാസ്യതയിൽ സംശയമേറിയതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കനത്ത മൂല്യയിടിവ് നേരിടുന്നു. മുൻനിര സാമ്പത്തിക മേഖലകൾ വിദേശ നാണയശേഖരത്തിൽ ഡോളർ ഒഴിവാക്കുന്നുവെന്ന വാർത്തകളും തിരിച്ചടിയായി. ഇതോടെ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നലെ 38 പൈസ നേട്ടവുമായി 85.70ൽ അവസാനിച്ചു.

നിക്ഷേപകർക്ക് ആവേശം പകരുന്നത്

1. രാജ്യാന്തര വിപണിയിൽ ക്രൂഡ് വില കുത്തനെ കുറഞ്ഞതോടെ ഇന്ത്യൻ കമ്പനികളുടെ ലാഭക്ഷമത ഗണ്യമായി കൂടിയേക്കും

2. ആഗോള തലത്തിൽ ഡോളർ ദുർബലമായതോടെ ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ വളർച്ചാ സാദ്ധ്യതകൾ മെച്ചപ്പെടുന്നു

3. വിദേശ നിക്ഷേപകർ ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും സജീവമാകുന്നു. ആഭ്യന്തര നിക്ഷേപകരുടെ പണമൊഴുക്കും കൂടുന്നു

4. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ എതിർപ്പ് അവഗണിച്ച് പലിശ കുറയ്ക്കാൻ ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദം

റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 20 ലക്ഷം കോടി രൂപ കവിഞ്ഞു