'ആണും പെണ്ണും കൂടി അല്‍പ്പ വസ്ത്രം ധരിച്ച് തുള്ളുന്നത് പഠിക്കാനല്ല കുട്ടികള്‍ സ്‌കൂളില്‍ വരുന്നത്'

Thursday 26 June 2025 9:29 PM IST

കോഴിക്കോട്: സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകളില്‍ സൂംബാ ഡാന്‍സ് ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനം. സ്‌കൂളുകളില്‍ നടപ്പാക്കുന്ന കായിക പരിശീലനത്തിനൊപ്പം സൂംബായും ഉള്‍പ്പെടുത്തിയതിനെതിരെയാണ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ് രംഗത്ത് വന്നിരിക്കുന്നത്. സൂംബ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശം പാലിക്കാന്‍ തയ്യാറല്ലെന്നും ഒരു അദ്ധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്നും ഈ വിഷയത്തില്‍ ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അഷ്‌റഫ് പറയുന്നു.

ഡിജെ പാര്‍ട്ടികളിലും മറ്റ് ആഘോഷങ്ങളിലും അഭിരമിക്കുന്ന ഈ കാലത്ത് പിരിമുറുക്കം കുറക്കാനെന്ന പേരില്‍ സ്‌കൂളുകളില്‍ സൂംബാ ഡാന്‍സിന് വേദി ഒരുക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് വിളിച്ചുവരുത്തുകയെന്നും സൂംബാ ഡാന്‍സ് വന്നതിന് ശേഷമാണ് ലോകത്ത് രാസലഹരി വ്യാപകമായതെന്നും അഷ്‌റഫ് പറയുന്നു. തന്റെ മകനും ഈ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ


'ഞാന്‍ പൊതു വിദ്യാലയത്തിലേക്ക് എന്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. ഞാന്‍ ഈ കാര്യത്തില്‍ പ്രാകൃതനാണ്. ഈ പരിപാടിയോട് മാനസികമായി യോജിക്കാത്ത ധാരാളം അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉണ്ട്.

പ്രതികരിച്ചാല്‍ എന്താകുമെന്ന ഭീതിയാണ് പലരെയും അസ്വസ്ഥരാക്കുന്നത്. ഇത് ചെയ്തില്ലെങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്റിന് വിശദീകരണം നല്‍കേണ്ടി വരുമെന്നും നടപടി വരുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാന്‍ ശ്രമിക്കുന്നതും ശ്രദ്ധയില്‍ പെട്ടു. ഇതില്‍ നിന്ന് മാറി നിന്നാല്‍ എന്താണ് സര്‍ക്കാര്‍ എടുക്കുന്ന നടപടിയെന്ന് അറിയാന്‍ വേണ്ടി തന്നെയാണ് പരസ്യമായി ഈ നിലപാട് പറയുന്നത്. വിദ്യാഭ്യാസ രംഗത്തുള്ള ഈ ഭയപ്പെടുത്തല്‍ ബ്രൈക്ക് ചെയ്തില്ലെങ്കില്‍ ഇതിലും വലിയ പ്രതിസന്ധികള്‍ക്ക് നാം തല വെച്ച് കൊടുക്കേണ്ടി വരും.'