മഴയിലും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ജീവൻ വേണോ മാറിക്കോ..

Friday 27 June 2025 12:14 AM IST
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

കോഴിക്കോട് : മഴക്കാലമായിട്ടും അപകടങ്ങൾ പതിയിരിക്കുന്ന റോഡിലൂടെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. തകർത്തു പെയ്യുന്ന മഴയിൽ റോഡുകൾ മിക്കതും കുണ്ടും കുഴിയുമായിട്ടും സമയംതെറ്റി ട്രിപ്പുകൾ മുടങ്ങാതിരിക്കാൻ ചീറി പായുകയാണ്.

കഴിഞ്ഞ നാല് വർഷത്തിനിടെ കോഴിക്കോട് സിറ്റി പൊലീസിന്റെ പരിധിയിൽ മാത്രം നടന്നത് തൊള്ളായിരത്തോളം ബസപകടങ്ങളാണ്. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും മനുഷ്യജീവന് ഒരു വിലയും കല്പിക്കാതെയാണ് ചില ബസ് ഡ്രൈവർമാരുടെ ഓട്ടം. പാലത്തിന് മുകളിൽനിന്ന് അപകടകരമായി വാഹനങ്ങളെ മറികടക്കുകയും മുമ്പിലുള്ള ചെറിയ വാഹനങ്ങളെ പരിഗണിക്കാതെയുമുള്ള യാത്രകളാണ് വലിയ അപകടങ്ങളാണുണ്ടാക്കുന്നത്.

കഴിഞ്ഞ ദിവസം നന്തി മേൽപാലത്തിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച സംഭവത്തിൽ മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയെ

മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വ്യക്തമാണ്. സംഭവത്തിൽ 50 പേർക്കാണ് പരിക്ക് പറ്റിയത്. കഴിഞ്ഞ മാസങ്ങളിൽ താമരശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറിയും കുന്ദമംഗലത്ത് ടൂറിസ്റ്റ് ബസ് സ്വകാര്യ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയും അപകടങ്ങളുണ്ടായി. ഭാഗ്യം കൊണ്ടാണ് വലിയ പ്രശ്നങ്ങളുണ്ടാവാത്തതെന്ന് ദൃക്സാക്ഷികളും പറഞ്ഞിരുന്നു.

മത്സരയോട്ടം

പതിവ് കാഴ്ച

മഴയും ഗതാഗതക്കുരുക്കും രൂക്ഷമായതിനാൽ ബസുകൾക്കിടയിൽ മത്സരയോട്ടം പതിവാണ്. കഴിഞ്ഞ ദിവസം കുറ്റ്യാടി, നടുവണ്ണൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന സ്വകാര്യബസുകൾ തമ്മിൽ സംഘർഷമുണ്ടായി കണ്ടക്ടർക്ക് പരിക്കേറ്റിരുന്നു. ദേശീയപാതയുടെ നിർമാണം ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്ന വെങ്ങളം- അഴിയൂർ റീച്ചിൽ പലയിടത്തും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സമയത്ത് ട്രിപ്പുകൾ അവസാനിപ്പിക്കാനായി വലിയ മത്സരമാണ് ബസുകാർക്കിടയിൽ നടക്കുന്നത്. മഴക്കാലമായതോടെ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനകളും കുറവാണ്.

 പൊതുജനങ്ങൾക്കും

പരാതി അറിയിക്കാം

പൊതുജനങ്ങൾക്കും കൺമുന്നിൽ കാണുന്ന നിയമലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാം. കേന്ദ്ര ഗതാഗതമന്ത്രാലയം നാഷണൽ ഇൻഫർമാറ്റിക് സെന്റർ (എൻ.ഐ.സി) യുടെ സഹായത്തോടെ നവീകരിച്ച 'നെക്സ്റ്റ് ജെൻ എം - പരിവാഹൻ' മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് ഈ സൗകര്യം ഒരുക്കിയത്. നിയമം തെറ്റിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയോ വീഡിയോയോ പകർത്തി ആപ്പിലെ 'സിറ്റിസൺ സെന്റിനൽ' എന്ന സെക്ഷൻ വഴി അപ്‌ലോഡ് ചെയ്യാം.

'' മഴക്കാലമായതോടെ വാഹനങ്ങൾ റോഡിൽ തെന്നിമാറി അപകടങ്ങൾ സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് മുൻകൂട്ടി കണ്ട് മാത്രമേ വാഹനങ്ങൾ നിരത്തിലിറക്കാവൂ. നിയമലംഘനങ്ങൾ കൂടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പരിശോധനകൾ കർശനമാക്കും.

- സന്തോഷ് കുമാർ സി.എസ് ( എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കോഴിക്കോട് )