വി.എസിന്റെ നില ഗുരുതരമായി തുടരുന്നു

Friday 27 June 2025 1:31 AM IST

തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലുള്ള മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡയാലിസിസ് ഉൾപ്പെടെ പുരോഗമിക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസനം.

ശരീരം മരുന്നുകളോട് പ്രതികരിക്കുന്നതായി തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൽ വ്യക്തമാക്കി. എന്നാൽ ഇടവിട്ട് ഇ.സി.ജിയിൽ വ്യതിയാനമുണ്ട്. ‌കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ഇന്നലെയും മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തി. മന്ത്രിമാരായ വി.ശിവൻകുട്ടി, എം.ബി.രാജേഷ്, മുൻമന്ത്രി കെ.കെ.ശൈലജ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി തുടങ്ങി നിരവധി ആളുകൾ ആശുപത്രിയിലെത്തി വി.എസിന്റെ മകൻ അരുൺകുമാർ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചു. തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.