തെറ്റിദ്ധാരണ പരത്തുന്ന നടപടി പി.എസ്.സി നിറുത്തണം: സുഗതകുമാരി

Monday 16 September 2019 12:00 AM IST

തിരുവനന്തപുരം: സമരം ശക്തമാവുമ്പോൾ സാങ്കേതിക വാക്കുകളുടെ പേരിലും മറ്റും സർക്കാരിനെയും ജനങ്ങളെയും പി.എസ്.സി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കവയിത്രി സുഗതകുമാരി പ്രസ്താവനയിൽ പറഞ്ഞു. പി.എസ്.സിയുമായി മുഖ്യമന്ത്രി നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകണം. പി.എസ്.സി ഉന്നയിക്കുന്ന വാദങ്ങൾ ബാലിശവും നിരുത്തരവാദപരവുമാണ്. അധികാരസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കാര്യങ്ങൾ നടപ്പിലാക്കാതിരിക്കാൻ പി.എസ്.സി നടത്തുന്ന ശ്രമങ്ങൾ മലയാളികളോടും മാതൃഭാഷയോടും നടത്തുന്ന കടുത്ത വഞ്ചനയാണ്. നിശ്ചിത സമയത്തിനുള്ളിൽ കെ.എ.എസ് അടക്കമുള്ള പരീക്ഷകൾക്ക് മലയാളത്തിലും ചോദ്യങ്ങൾ നൽകി നടത്തുന്നതിനു യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷയെ ആദരിച്ചു കൊണ്ടുള്ള ജനാധിപത്യപരമായ തീരുമാനം സർക്കാർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുഗതകുമാരി പറഞ്ഞു.