യു.പി.എസ്.സി മൂന്നംഗ പട്ടികയായി, പൊലീസ് മേധാവി: നിതിൻ അഗർവാളിന് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മേധാവി നിയമനത്തിനുള്ള മൂന്നംഗ ചുരുക്കപ്പട്ടിക യു.പി.എസ്.സി തയ്യാറാക്കി. ഡി.ജി.പി റാങ്കിലുള്ള റോഡ് സുരക്ഷാ കമ്മിഷണർ നിതിൻ അഗർവാൾ, കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിൽ.
സംസ്ഥാനം നൽകിയ പട്ടികയിൽ നാലാമനായിരുന്ന ഡി.ജി.പി റാങ്കുള്ള വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ബറ്റാലിയൻ എ.ഡി.ജി.പി എം.ആർ.അജിത്കുമാർ, എ.ഡി.ജി.പിയും പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജിയുടെ തലപ്പത്തുള്ള സുരേഷ് രാജ് പുരോഹിത് എന്നിവരെ പരിഗണിച്ചില്ല.
യു.പി.എസ്.സിയുടെ മൂന്നംഗ പട്ടികയിൽ നിന്ന് ഒരാളെ സംസ്ഥാനത്തിന് നിയമിക്കാം. പട്ടികയിൽ ഒന്നാമതുള്ള നിതിന് സാദ്ധ്യതയെന്ന് സൂചന. റവാഡ, യോഗേഷ് എന്നിവരോട് സർക്കാരിന് മമതയില്ല. നിലവിലെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് 30ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഉടൻ തീരുമാനമുണ്ടാകും.
ഇന്നലെ ഡൽഹിയിൽ ചേർന്ന യു.പി.എസ്.സി യോഗത്തിൽ ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്രസേനാ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് എന്നിവർ പങ്കെടുത്തു. 15 മിനിറ്റ് മാത്രമാണ് യോഗം നീണ്ടത്. സീനിയോരിറ്റിയും സർവീസ് രേഖകളും ഐ.ബി റിപ്പോർട്ടും പരിഗണിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
എ.ഡി.ജി.പിമാരെക്കൂടി ചുരുക്കപ്പട്ടികയിലേക്ക് പരിഗണിക്കണമെന്ന് സംസ്ഥാനം നേരത്തെ യു.പി.എസ്.സിയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ്സെക്രട്ടറിയും ഡി.ജി.പിയും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ചട്ടപ്രകാരം സീനിയറായ ആദ്യ മൂന്നുപേരെ ഉൾപ്പെടുത്താനായിരുന്നു യു.പി.എസ്.സി തീരുമാനം.
സീനിയോരിറ്റി അനുകൂലം
1. സീനിയോരിറ്റിയിൽ മുന്നിലും പട്ടികയിൽ ഒന്നാമതായതുമാണ് നിതിൻ അഗർവാളിന് അനുകൂലമാവുക. പൊലീസ് മേധാവിയാക്കിയാൽ ഒരുവർഷം കൂടി സർവീസ് നീട്ടിക്കിട്ടും
2. തലശേരി എ.എസ്.പിയായിരിക്കെ കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ട റവാഡ ചന്ദ്രശേഖറിനോട് സർക്കാരിന് അത്ര മമതയില്ല
3. വിജിലൻസ് ഡയറക്ടറായിരിക്കെ ചില ഉന്നതർക്കെതിരെ നടപടിക്ക് നീക്കം നടത്തിയതാണ് യോഗേഷിനെ അനഭിമതനാക്കിയത്
സർവീസ് കാലാവധി
നിതിൻ അഗർവാൾ- 2026ജൂലായ്
റവാഡ ചന്ദ്രശേഖർ- 2026ജൂലായ്
യോഗേഷ് ഗുപ്ത- 2030ഏപ്രിൽ