ജാനകിയെ മാറ്റണമെന്നുറച്ച് സെൻസർ ബോർഡ്
Friday 27 June 2025 12:42 AM IST
തിരുവനന്തപുരം: സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള എന്ന സിനിമാ ടൈറ്റിലിലെ ജാനകി മാറ്റണമെന്ന നിലപാടിലുറച്ച് സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിയും. പേര് മാറ്റാതെ പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് അറിയിച്ചതായി സംവിധായകൻ പ്രവീൺ നാരായണൻ വ്യക്തമാക്കി. ചിത്രത്തിന്റേയും കഥാപാത്രത്തിന്റേയും പേരിലെ ജാനകി മാറ്റാൻ റിവൈസിംഗ് കമ്മിറ്റിയും ആവശ്യപ്പെട്ടെന്ന് സംവിധായകൻ ഫെയ്സ്ബുക്കിൽ അറിയിച്ചു. പ്രദർശനാനുമതി നൽകാത്തത് ചൂണ്ടിക്കാട്ടി സിനിമയുടെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിവൈസിംഗ് കമ്മിറ്റി ചിത്രം വീണ്ടും കണ്ട് വിലയിരുത്താൻ തീരുമാനിച്ചെന്നാണ് സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്. കേസ് നാളെ വീണ്ടും പരിഗണിക്കും.