ഡിങ്കി ബോട്ട് തകരാറിലായി, ആര്യാടൻ ഷൗക്കത്ത് കാട്ടിൽ കുടുങ്ങി

Friday 27 June 2025 12:44 AM IST

എടക്കര: ഡിങ്കി ബോട്ട് തകരാറിലായതിനെ തുടർന്ന് നിലമ്പൂരിന്റെ നിയുക്ത എം.എൽ.എ ആര്യാടൻ ഷൗക്കത്തും പൊലീസ്, ഫയർഫോഴ്സ്,​ വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടിൽ കുടുങ്ങി. കാട്ടാന ആക്രമണത്തിൽ ബുധനാഴ്ച കൊല്ലപ്പെട്ട മുണ്ടേരി ഉൾവനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ചാലിയാറിനക്കരെയുള്ള വാണിയമ്പുഴയിലെത്തിച്ചപ്പോഴാണ് സംഘം കുടുങ്ങിയത്.

ജില്ലാ കളക്ടറുടെ ഇടപെടലിൽ മലപ്പുറത്ത് നിന്ന് ദേശീയ ദുരന്തനിവാരണ സേനാബോട്ടെത്തിച്ച് മൂന്ന് മണിക്കൂറിന് ശേഷം ഇവരെ രക്ഷിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ബില്ലിയുടെ മൃതദേഹം ഡിങ്കി ബോട്ടിൽ വാണിയമ്പുഴയിലെത്തിച്ചത്. ആര്യാടൻ ഷൗക്കത്തും പോത്തുകൽ എസ്.ഐ മോഹൻദാസും വനം വകുപ്പ് ഉദ്യോഗസ്ഥരും മൃതദേഹത്തെ ബോട്ടിൽ അനുഗമിച്ചിരുന്നു. ഡിങ്കി ബോട്ടിന്റെ എൻജിൻ തകരാറിലായതിനാൽ മടങ്ങാനായില്ല. തുടർന്നാണ് ജില്ലാകളക്ടർ ഇടപെട്ടത്.

ഇന്നാണ് ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ.