തലവൂർ സ്കൂളിന് മൂന്ന് 'സിന്ദൂരം', ദേവിവിലാസം സ്കൂളിൽ സിന്ധു സംഗമം
കൊല്ലം: തലവൂർ ദേവിവിലാസം സ്കൂളിലെത്തി സിന്ധു ടീച്ചറെ കാണണമെന്നു പറഞ്ഞാൽ കുട്ടികളും അദ്ധ്യാപകരും കണ്ണുമിഴിക്കും. ഏതു സിന്ധു ടീച്ചറെ? അവർ ചോദിക്കും. ഹൈസ്കൂൾ ഹെഡ്മിസ്ട്രസും ഹയർ സെക്കൻഡറി പ്രിൻസിപ്പലും വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പലും സിന്ധു. പത്തനാപുരം തലവൂർ ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് ഈ 'ത്രിവേണി" സംഗമം.
ഇക്കൊല്ലമാണ് ഹയർ സെക്കൻഡറി പ്രിൻസിപ്പലായി എസ്.സി.സിന്ധുവും വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പലായി ബി.സിന്ധുവും ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി സിന്ധു കെ.നായരും ചുമതലയേറ്റത്. ഒരു കെട്ടിടത്തിന്റെ മൂന്നിടത്തായാണ് മൂന്നു വിഭാഗവും പ്രവർത്തിക്കുന്നത്. മുകളിലത്തെ സിന്ധു, താഴത്തെ സിന്ധു എന്നൊക്കെ പറഞ്ഞ് പ്രശ്നം പരിഹരിക്കേണ്ട സ്ഥിതിയാണ്.
സ്കൂൾ മീറ്റിംഗ് നടക്കുമ്പോൾ മാനേജ്മെന്റിനുമുണ്ട് കൺഫ്യൂഷൻ. എന്നാൽ, പ്രവർത്തനങ്ങളിൽ മൂവരും ഒന്നിനൊന്ന് മെച്ചം. ഒറ്റക്കെട്ട്. രണ്ടാലുംമൂട് സ്വദേശിയായ അരുൺ ചന്ദിന്റെ ഭാര്യ സിന്ധു കെ.നായർ ഇതേ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ്. 1999ൽ ഇവിടെ ഇംഗ്ളീഷ് അദ്ധ്യാപികയായെത്തി. അതേ വർഷമാണ് നടുത്തേരി സ്വദേശി രമേഷിന്റെ ഭാര്യ എസ്.സി.സിന്ധുവും എത്തിയത്. അന്നുമുതൽ തുടങ്ങിയ സൗഹൃദത്തിനിടയിലേക്ക് മൂന്നാമത്തെയാൾ ഞാറയ്ക്കാട് പി.കെ.ബാലകൃഷ്ണന്റെ ഭാര്യ ബി.സിന്ധു കൂടിയെത്തി. ഒരേ പേരുകാർ നല്ല കൂട്ടുകാരായി. ഈ അദ്ധ്യയനവർഷമാണ് മൂവരും മേധാവികളായത്. മൂന്നു വർഷത്തിനു ശേഷം ബി.സിന്ധു വിരമിക്കും. പിന്നാലെ രണ്ടു ഘട്ടമായി മറ്റു രണ്ടുപേരും.
'ഞങ്ങൾ ഒന്നിച്ചുള്ളപ്പോൾ കുട്ടികൾ സിന്ധു ടീച്ചറേയെന്ന് വിളിക്കും. തിരിഞ്ഞുനോക്കുമ്പോൾ ടീച്ചറെയല്ല, മറ്റേ ടീച്ചറെയെന്നുപറഞ്ഞ് പറ്റിക്കും. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ആ നിലയിലെ കമന്റും വരാറുണ്ട്. എല്ലാം രസാനുഭവങ്ങൾ.
-സിന്ധു കെ.നായർ