മൂർച്ച കൂട്ടാൻ ആർച്ചറും വരുന്നു

Thursday 26 June 2025 11:55 PM IST

രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ളണ്ട് ടീമിലേക്ക് പേസർ ജൊഫ്ര ആർച്ചറെ ഉൾപ്പെടുത്തി

ആർച്ചർ ടെസ്റ്റ് ടീമിലെത്തുന്നത് നാലുവർഷത്തിന് ശേഷം

ബർമിംഗ്ഹാം : ഇന്ത്യയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിൽ പേസർ ജൊഫ്ര ആർച്ചറെയും ഉൾപ്പെടുത്തി ഇംഗ്ളണ്ട്. നാലുവർഷത്തിന് ശേഷമാണ് ആർച്ചർ ടെസ്റ്റ് ടീമിലെത്തുന്നത്. 2021 ഫെബ്രുവരിയിൽ അഹമ്മദാബാദിൽ ഇന്ത്യയ്ക്കെതിരായിരുന്നു ആർച്ചറുടെ അവസാന ടെസ്റ്റ് മത്സരം. പിന്നീട് തുടർച്ചയായെത്തിയ പരിക്കുകളാണ് ആർച്ചർക്ക് ടെസ്റ്റിൽ തിരിച്ചടിയായത്. പരിക്കുമാറിയെത്തിയപ്പോൾ വൈറ്റ് ബാൾ ഫോർമാറ്റിൽ കൂടുതൽ ശ്രദ്ധിക്കാനാണ് താരം ശ്രമിച്ചത്.

ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർമാർ അഞ്ച് സെഞ്ച്വറികൾ അടിച്ചതും ഇരു ഇന്നിംഗ്സിലുമായി 835 റൺസ് സ്കോർ ചെയ്തതുമാണ് ആർച്ചറെ തിരിച്ചുവിളിച്ച് ബൗളിംഗ് ശക്തിപ്പെടുത്താൻ ഇംഗ്ളണ്ട് സെലക്ടർമാരെ പ്രേരിപ്പിച്ചത്. 13 ടെസ്റ്റുകളിൽ നിന്ന് 42 വിക്കറ്റുകൾ നേടിയിട്ടുള്ള താരമാണ്.

പേസർമാർക്ക് പിന്തുണ നൽകുന്ന ബർമിംഗ്ഹാമിലെ പിച്ചിൽ ജൂലായ് രണ്ടിനാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.ആദ്യ ടെസ്റ്റിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്തിട്ടും തോൽക്കേണ്ടിവന്നതിന്റെ ആഘാതത്തിലാണ് ഇന്ത്യ. അതേസമയം ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറ രണ്ടാം ടെസ്റ്റിൽ കളിക്കുമോ എന്നതിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല.