ലഹരി വിരുദ്ധ ചങ്ങല തീർത്ത് വിദ്യാർത്ഥികൾ

Friday 27 June 2025 12:43 AM IST

ചവറ: പന്മന മനയിൽ ശ്രീ ബാല ഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ചങ്ങല തീർത്തു. ഇതിനോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. അജി അദ്ധ്യക്ഷനായി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ. അബ്ദുൾ മനാഫ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രഥമാദ്ധ്യാപിക ആർ.ഗംഗാദേവി, എക്സൈസ് പ്രിവന്റീവ് ഓഫീസർ അഭിലാഷ്, എസ്.എം.സി ചെയർമാൻ പന്മന മഞ്ചേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ആനന്ദ്കുമാർ, സ്റ്റാഫ് സെക്രട്ടറി ഷൈൻ കുമാർ, പ്രോഗ്രാം കോർഡിനേറ്റർ വിളയിൽ ഹരികുമാർ എന്നിവർ സംസാരിച്ചു.