കെ.എസ്.ആർ.ടി.സിയുടെ ട്രാവൽ കാർഡ് ഹിറ്റ്

Friday 27 June 2025 12:46 AM IST

ആലപ്പുഴ : ഹിറ്റായി കെ.എസ്.ആർ.ടി.സിയുടെ ട്രാവൽ കാർഡ്. ദിവസങ്ങൾക്കുള്ളിൽ ഒരുലക്ഷത്തിനു മുകളിൽ കാർഡുകളാണ് വിറ്റുപോയത്. എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയും യാത്രക്കാർ ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്തതോടെ മൂന്ന് ലക്ഷം കാർഡുകൾക്ക് കൂടി ഓർഡർ നൽകിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി.

തലസ്ഥാനത്തായിരുന്നു ട്രാവൽ കാർഡ് ആദ്യം പരീക്ഷിച്ചത്. പിന്നീട് അഞ്ച് ജില്ലകളിലേക്ക് വ്യാപിപ്പിച്ച പദ്ധതിയാണ് ഇപ്പോൾ കേരളമാകെ നടപ്പാക്കാൻ തീരുമാനിച്ചത്. നൂറ് രൂപയ്ക്ക് വാങ്ങുന്ന കാർഡ് ആവശ്യത്തിന് പണം ചാർജ് ചെയ്ത് ഉപയോഗിക്കാം. ബസ് കണ്ടക്ടർമാർ, സെയിൽസ് എക്സിക്യൂട്ടീവ്, ഡിപ്പോകൾ എന്നിവ മുഖാന്തരമാണ് വില്പന. കൂടുതൽ ലഭിക്കുന്ന മുറയ്ക്ക് എല്ലാ ഡിപ്പോകളിലും രണ്ട് ദിവസത്തിനകം കാർഡ് വിതരണം പുനരാരംഭിക്കും. വലിയൊരു തുക മുൻകൂറായി അക്കൗണ്ടിലെത്തുന്നത് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കോർപ്പറേഷന് വലിയ ആശ്വാസമാകും.

മൂന്ന് ലക്ഷം കാർഡുകൾക്ക് കൂടി ഓർഡർ നൽകി

 യാത്രയിൽ പണം കൊണ്ടുനടക്കുന്നത് ഒഴിവാക്കാം

 കണ്ടക്ടർമാരുടെ ജോലിഭാരം കുറയ്ക്കാം

 ചില്ലറയെചൊല്ലിയുള്ള കലഹം ഒഴിവാക്കാം

ട്രാവൽ കാർ‌ഡ്

ആദ്യം ഇറക്കിയത്...................1,18,000

ഇന്നലെ വരെ വിറ്റത്...............1,03,006

ട്രാവൽ കാർഡിന് യാത്രക്കാരിൽ നിന്ന് വൻ വരവേൽപ്പാണുണ്ടായത്. ആവശ്യാനുസരണം കാർഡുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്

.- ഐ.ടി വിഭാഗം, കെ.എസ്.ആർ.ടി.സി